മണിമല: മക്കളെ കൂട്ടിക്കൊണ്ടു പോകാന് എത്തിയ മാതാപിതാക്കള് തമ്മില് തല്ലിയപ്പോള് പോലീസുകാര്ക്കും കിട്ടി നല്ല കിടിലന് അടി. മണിമല പോലീസ് സ്റ്റേഷനിലാണ് ഇന്നലെ കൂട്ടയടി നടന്നത്. മണിമല സ്വദേശിയായ പതിനെട്ടുകാരനെ കാണാതായതായി കഴിഞ്ഞദിവസം മാതാപിതാക്കള് പരാതി നല്കിയിരുന്നു. തുടര്ന്നു നടന്ന അന്വേഷണത്തില് എറണാകുളത്ത് പഠിക്കുന്ന കൊടുങ്ങൂര് സ്വദേശിനിയായ 19 വയസുള്ള യുവതിയോടൊപ്പം പതിനെട്ടുകാരന് വയനാടിലുണ്ടെന്നു കണ്ടെത്തുന്നത്. ഇതേത്തുടര്ന്ന് ഇരുവരെയും മണിമല പോലീസ് സ്റ്റേഷനിലെത്തിച്ചു.
യുവതിയെ കൊണ്ടുപോകുന്നതിനായി എറണാകുളത്തു നിന്നും പോലീസും ബന്ധുക്കളുമെത്തിയിരുന്നു. പ്രശ്നങ്ങള് എല്ലാം പറഞ്ഞു തീര്ത്തതിനു ശേഷം യുവതിയുടെ ബന്ധുവായ സ്ത്രീ യുവാവിനോട് പ്രകോപനപരമായി സംസാരിച്ചത്രേ. ഇതിന് യുവാവ് മറുപടി പറഞ്ഞുതീരുംമുന്പേ യുവതിയുടെ പിതാവും സഹോദരനും ചേര്ന്ന് യുവാവിനിട്ട് പൊട്ടിച്ചു. തിരിച്ചടിക്കാന് ശ്രമിച്ചെങ്കിലും യുവാവിന് ഒന്നും സാധിച്ചില്ല. എന്നാല് ഇതുകണ്ടു നിന്ന യുവാവിന്റെ ബന്ധുക്കള്ക്ക് സഹിച്ചില്ല. പോലീസുകാര്ക്ക് പുല്ലുവില കല്പ്പിക്കാതെയുള്ള പൊരിഞ്ഞ അടിയയായിരുന്നു പിന്നെ നടന്നത്.
ഇതിനിടയില് പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന വാറണ്ട് പ്രതികള്ക്കും തല്ല് കിട്ടി. ഇരുകൂട്ടരേയും പിടിച്ചുമാറ്റാന് ശ്രമിക്കുന്നതിനിടെ ഏമാന്മാര്ക്കും കണക്കിന് കിട്ടി. ഇതോടെ ഹാലിളകിയ പോലീസുകാര് പെട്ടന്നാണ് തലയ്ക്കു മുകളിലെ അപകടം മണത്തത്.അടുത്തയിടെയാണ് പോലീസ് സ്റ്റേഷനില് കാമറ പിടിപ്പിച്ചത്. സംയമനം പാലിക്കാനേ പോലീസുകാര്ക്കായുള്ളു. പെണ്കുട്ടിയേ കോടതിയില് ഹാജരാക്കാന് എറണാകുളം പോലീസ് പോയി. പരുക്കേറ്റ യുവാവിനെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയില് എത്തിച്ചതിനുശേഷം കോടതിയില് ഹാജരാക്കി. ഇതിനിടെ ബന്ധുക്കള് പോലീസ് സ്റ്റേഷനില് നിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പെണ്കുട്ടിയുടെ ബന്ധുക്കള് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില് അഡ്മിറ്റായി. പോലീസ് തങ്ങളെ മര്ദ്ദിച്ചെന്നാണ് പരാതി.