അതിർത്തിയിലെ ഓരോ ബോംബും പൊട്ടുന്നത് മഹേന്ദ്ര സിംഗിന്റെ നെഞ്ചിലും കൂടിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം ശക്തിപ്രാപിച്ചതോടെ കല്യാണം നടത്താനാവാതെ നട്ടംതിരിയുകയാണ് മഹേന്ദ്ര സിംഗ്. അതിർത്തി ഗ്രാമമായ രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഖെജാദ് കാ പാർ സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാൻകാരിയായ ചഗൻ കൻവാർ എന്ന യുവതിയും. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ സിനോയ് സ്വദേശിനിയാണ് ചഗൻ കൻവാർ.
ശനിയാഴ്ച വിവാഹത്തിനായി പാക്കിസ്ഥാനിലേക്കുപോകാൻ താർ എക്സ്പ്രസിൽ മഹേന്ദ്ര സിംഗിന്റെ കുടുംബം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. മഹേന്ദ്ര സിംഗിനടക്കം അഞ്ച് പേർക്കാണ് വീസ ലഭിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുകയും ബന്ധുക്കളെ എല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാൽ അതിർത്തിയിൽ സംഘർഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു. മാർച്ച് എട്ടിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇനി സംഘർഷങ്ങളെല്ലാം അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്ന് മഹേന്ദ്ര സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ബാർമറിലും ജെയ്സാൽമീറിലും രജ്പുത്, മേഗ്വാൽ, ഭീൽ, സിന്ധി, ഖാത്രി സമുദായങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള വിവാഹ ബന്ധങ്ങൾ സാധാരണമാണ്.