ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍… കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങള്‍…ഒടുവില്‍ നിന്റെ ഒരു ചെറു പുഞ്ചിരി എന്നില്‍ സമ്മാനിച്ച പ്രണയ പെരുമഴ… പിന്നെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികള്‍, വാകമരത്തിൽനിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍.. പ്രണയിനിയുടെ ഓര്‍മകള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു.
ആദ്യപ്രേമം ഇന്നും മനസില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങാറുണ്ടെന്നു പറയുന്ന കൂട്ടുകാര്‍… അതേ, വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിന്റെ പെരുമഴക്കാലം. ഇന്നത്തെ പോലെയല്ല, അന്ന് പ്രണയത്തിന് വിശുദ്ധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രണയികള്‍ക്കിടയില്‍ പ്രണയക്കുരുക്കും പ്രണയച്ചതിയും ഇല്ലായിരുന്നു. പ്രണയത്തിന്റെ പേരിലുള്ള കൊലയെക്കുറിച്ചും കേട്ടുകേള്‍വി ഇല്ലായിരുന്നു.
“പ്രിയേ… ഞാന്‍ നമ്മുടെ പഴയ പ്രണയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍നിന്നും ശരീരത്തില്‍നിന്നും പ്രായത്തിന്റെ ചിഹ്നങ്ങള്‍ ഒന്നൊന്നായി പൊഴിച്ചു കളഞ്ഞുകൊണ്ടേയിരിക്കുന്നു’ എന്ന് പ്രണയികള്‍ പറഞ്ഞതും പ്രണയത്തിന് മാത്രം സാധ്യമാകുന്ന വിസ്മയം ഒന്നുകൊണ്ടു മാത്രമാണ്.
അതേ, പ്രണയം പോലെ മനോഹരമായ ഒരു വികാരമില്ല. പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രണയം സ്വീകരിക്കാന്‍ കൊതിക്കുന്നവരുമാണ് നമ്മിലേറെപ്പേരും. സന്തോഷിപ്പിച്ചും സങ്കടപ്പെടുത്തിയും കടന്നുപോയ പ്രണയമുഹൂര്‍ത്തങ്ങളും കുറവല്ല. കവി ഭാവനയില്‍ പ്രണയത്തിന് ചന്തം കൂടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയ വികാരങ്ങള്‍ ശാന്തമായും ഗംഭീരമായും അക്ഷരങ്ങളിലൊതുക്കിയ കവികളും നമുക്കേറെയുണ്ട്. വയലാറും കുഞ്ഞുണ്ണി മാഷും ഒഎന്‍വി കുറുപ്പും ബാലചന്ദ്രന് ചുള്ളിക്കാടുമൊക്കെ സമ്മാനിച്ച പ്രണയ കവിതകള്‍ ഇപ്പോഴും നമ്മില്‍ പ്രണയത്തിന്റെ മാസ്മരികത നിറയ്ക്കുന്നതാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവർക്കും പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്ക്കുമായുള്ള ഈ പ്രണയദിനത്തില്‍ ചില പ്രണയ കവിതകളിലൂടെ…
“ഈ മണിമേടയിലെന്‍വിപുല
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെന്‍ ഭാവനതന്‍
സ്വര്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മള്‍ക്കാ വിശ്വപ്രകൃതിമാതിന്‍
രമ്യവിശാലമാം മാറിടത്തില്‍,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നര്‍മ്മസല്ലാപങ്ങള്‍ നിര്‍വ്വഹിക്കാം!’ – എന്നു പാടിയ ചങ്ങമ്പുഴയുടെ ചന്ദ്രികയും “പാടില്ല, പാടില്ല, നമ്മെ നമ്മള് പാടേ മറന്നൊന്നും ചെയ്തുകൂടാ’ എന്നു പറഞ്ഞ രമണനും അനശ്വര പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങളായി നമുക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ബൈബിളിലെ ഉത്തമഗീതത്തില് സോളമന് തന്റെ പ്രണയിനിയോട് പറഞ്ഞ വാക്കുകള്‍
“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരിവളളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.’ – എന്ന് പദ്മരാജന് എഴുതിയപ്പോള്‍ പ്രണയത്തിന്റെ നിര്‍വൃതി വരികളിലൂടെ അറിഞ്ഞവര്‍ എത്രപേരുണ്ട്.
“എന്റെ നെഞ്ചിടിപ്പോടെത്തടുത്തു നിന്
നെഞ്ചുമൊപ്പം തുടിച്ചൊരാ മാത്രകള്‍
എന്നിലേക്കണഞ്ഞാലും പ്രണയമേ
മുന്തിരിച്ചാറെടുത്തു വയ്ക്കുന്നു ഞാന്‍
ചില്ലുപാത്രമെറിഞ്ഞുടച്ചുന്മത്ത
നൊമ്പരങ്ങളില്‍ നമ്മള് ലയിക്കുക’ – എന്ന വിജയലക്ഷ്മിയുടെ വരികള്‍ പ്രണയാവേശത്താല്‍ പരസ്പരം ലയിക്കുന്ന പ്രണയികളെക്കുറിച്ചുളളതാണ്.
‘അവളുണ്ടായിരുന്നപ്പോള്‍ എന്റെ മനസില്‍
എന്നുമെപ്പോഴും പൂക്കള്‍ വിരിഞ്ഞിരുന്നു
അവള് പോയി ഇപ്പോഴും എന്റെ മനസില്‍
ഒരു പൂ വിരിഞ്ഞുനില്ക്കുന്നു
ഒരു കറുത്ത പൂവ്’- എന്ന് പാടിയ കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ നഷ്ട പ്രണയത്തിന്റെ വേദനയാണ് നിറയ്ക്കുന്നത്.
“നീ തന്ന സസ്യ ശാസ്ത്രത്തിന്റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം’- ആലിലയിലെ ഈ വരികളിലൂടെ പ്രേമത്തെക്കുറിച്ച് എ. അയ്യപ്പന് എത്ര മനോഹരമായാണ് പറഞ്ഞിരിക്കുന്നത്.
“ചൂടാതെ പോയി നീ
നിനക്കായി ഞാന്‍ ചോര
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍
കാണാതെ പോയി നീ
നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍ ‘ – ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഈ വരികള്‍ നഷ്ടപ്രണയത്തിന്റെ മധുര നൊമ്പരം പേറുന്നതാണ്.
‘ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം
ഓർമിക്കണം എന്ന വാക്കുമാത്രം
എന്നെങ്കിലും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം…’ – മുരുകന് കാട്ടാക്കടയുടെ രേണുക വായിക്കുന്ന ഓരോ പ്രണയിയുടെ നെഞ്ചിലും ഒരു വേര്‍പാടിന്റെ വിങ്ങല്‍ അവശേപ്പിക്കുന്നതാണ് ഈ വരികള്‍.
“ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ
ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്,
ഒരു ശ്യാമവര്ണം കൊണ്ടെങ്കിലും നിന്റെ
പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്,
ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ
സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്,
ഒരു വെറും മാത്ര മാത്രമെങ്കിലും നിന്
കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍,
അതുമതി തോഴി,
കഠിനവ്യഥകള് ചുമന്നുപോകുവാന്‍
കല്പാന്തകാലത്തോളം ‘- പ്രണയവേദനയുടെ തീരാനഷ്ടമാണ് പവിത്രന് തീക്കുനി “പ്രണയ പര്വ’ത്തിലൂടെ കുറിക്കുന്നത്.
“മയില്‍പ്പീലിത്താളുകളുടെ ഈ പുസ്തകം
അവള്‍ക്കു നല്‍കുക….
പ്രണയിക്കാനറിയാതെ പോയ
ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക.
ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മ കൊണ്ട്
അവളെ മയില്‍പ്പീലിയാക്കുക..’ – എന്നൊഴുതിയ സിവിക് ചന്ദ്രനും “ഒരോ തുളളിയായി, ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്ന,ു ഭൂമിയില്‍ നാം ഒരു മഴയാകും വരെ’ എന്നെഴുതി പ്രണയിനിയിലേക്ക് പെയ്തിറങ്ങാന്‍ കൊതിച്ച ഡി. വിനയചന്ദ്രനും പ്രണയവരികളിലൂടെ നിറഞ്ഞു നില്ക്കുന്നു.
“പിന്നെ നീ മഴയാകുക
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം’- പെയ്തൊഴിയാന്‍ വെമ്പുന്ന പ്രണയമഴ നിറഞ്ഞതാണ് നന്ദിതയുടെ ഈ വരികള്‍.
“ഓരോ പ്രണയവും
ഒരൊറ്റ മുറിവീട് പണിയുകയാണ്
പിന്‍വാതിലുകളില്ലാത്ത,
കയറിയതില്ക്കൂടിയല്ലാതെ
ഇറങ്ങിപ്പോവാനാവാത്ത ഒന്ന്’ – ഒറ്റമുറി വീട് എന്ന കവിതയില്‍ സോയാ ജോസഫ് പ്രണയത്തിന്റെ ആത്മീയശക്തിയും സൗന്ദര്യവും നിറയ്ക്കുന്നു.
“സ്നേഹം നിസഹായയായ ഒരു പട്ടിയാണ്
എത്ര തൊഴിച്ചെറിഞ്ഞാലും
കാല് ചുവട്ടില്‍ കണ്ണീരൊലിപ്പിച്ച്
വാലാട്ടി നില്ക്കുന്ന പട്ടി
അത്രയും നന്ദിയുള്ള സ്നേഹത്തെ
മനുഷ്യനെങ്ങനെയാണ് പുറത്ത് നിര്‍ത്തുന്നത്?’ – ഹണി ഭാസ്ക്കരന്റെ കാമനകളുടെ മാനിഫെസ്റ്റോയിലെ ഈ വരികള്‍ എത്ര അര്ഥവത്താണല്ലേ… അതേ, പ്രണയം പെയ്തിറങ്ങുകയാണ്. പ്രണയം ഭ്രമമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ
“ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍
തീര്‍ക്കുന്ന സ്ഫടിക സൗധം
എപ്പോഴോ തട്ടിത്തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം…’
സീമ മോഹന്‍ലാല്‍