പ്രണയിക്കുകയാണെങ്കിൽ 30-40 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കണമെന്ന പോസ്റ്റുകൾ ഇടയ്ക്കിടെ കാണാറുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമൂന്നു കാര്യങ്ങൾ ഇവിടെ കുറിക്കണം എന്നു തോന്നി.
ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ആത്മാർഥമായ സൗഹൃദം, സ്നേഹം, പ്രണയം ഇവയൊന്നും ഈ കാറ്റഗറിയിൽ വരുന്നില്ല. അതിനിപ്പോൾ പ്രായമൊരു തടസവുമല്ല.
മേൽ പറഞ്ഞ പ്രായത്തിലുള്ളവരിൽ വിവാഹിതകളും ഒന്നോരണ്ടോ കുട്ടികളുടെ അമ്മമാരുമൊക്കെ കാണുമല്ലോ.
ഇവരിൽ ചിലരെങ്കിലും ജീവിതത്തിൽ അല്പസ്വല്പം നിരാശാമനോഭാവം വച്ചു പുലർത്തുന്നവർ ആയിരിക്കുമെന്നു വിലയിരുത്തുന്നവരുണ്ട്.
അതിനു കാരണങ്ങളുമുണ്ട്. കുട്ടികളൊക്കെ ഏകദേശം വലുതായി എന്നു തോന്നുന്ന സമയം… സ്വയം വിശകലനം നടത്താനും മറ്റുമായി ധാരാളം സമയം… തനിക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല, തന്നെ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല എന്ന ചിന്തകൾ…
കുട്ടികളുടെ പഠനകാര്യങ്ങളിലും ഭാവികാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരവസ്ഥ കുടുംബനാഥന്റെ മേൽ നിക്ഷിപ്തമാകുന്ന ഒരുസമയം കൂടിയാണത്..
തന്റെ മേലുള്ള ശ്രദ്ധ കുറയുന്നതിന്റെ കാരണം അതാവാം എന്നു ചില സ്ത്രീകൾ മനസിലാക്കാറില്ല. അത്തരം സ്ത്രീകൾ പെട്ടെന്നു വീണോളും എന്ന ധാരണ വച്ചുപുലർത്തുന്നവരുടേതാണു മുകളിൽ സൂചിപ്പിച്ച പോസ്റ്റുകൾ.
പ്രണയമെന്നപേരിൽ മുൻകൈയെടുത്തു വരുന്ന ഇത്തരം ബന്ധങ്ങൾ വെറും നേരമ്പോക്കു മാത്രമാണെന്നും തങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞാൽ അവർ മറ്റൊരു വല വിരിച്ചു തുടങ്ങിയിരിക്കും എന്നും മനസിലാക്കാത്ത സ്ത്രീകൾ അവരുടെ ട്രാപ്പിൽ വീഴുകയും ചെയ്യും.
സമൂഹത്തിൽ പ്രണയിക്കാനും സ്നേഹിക്കാനും കൊച്ചു പെൺകുട്ടികൾ ഇഷ്ടംപോലെ ഉള്ളപ്പോൾ കുടുംബമായി കഴിയുന്നവരെ ടാർഗറ്റ് ചെയ്യുന്നവരുടെ ഉദ്ദേശ്യം മനസിലാക്കാനുള്ള വകതിരിവ് സ്ത്രീപ്രജകൾക്കില്ലാതെ പോകുന്നുണ്ടെങ്കിൽ അതു കഷ്ടമാണ്.
ഒരു സ്ത്രീയെ പ്രണയിക്കുന്ന 99 ശതമാനം പുരുഷന്റെയും പ്രഥമലക്ഷ്യം രതി തന്നെയാണ്. ഇതിനായി മുപ്പതോ നല്പതോ കഴിഞ്ഞ സ്ത്രീകളെ പുരുഷന്മാർ ലക്ഷ്യമാക്കുന്നത് സ്വന്തം സുരക്ഷ കൂടി കണക്കിലെടുത്താണ്.
എന്നാൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് അവരെ പരിഗണിക്കുന്ന, ബഹുമാനിക്കുന്ന ഒരു സൗഹൃദം മാത്രമായിരിക്കും.
അവളുടെ അത്തരം വിശ്വാസക്കണക്കുകൾ തെറ്റുന്നിടത്താണ് ആത്മഹത്യയും മറ്റും വേണ്ടിവരുന്നത്. അപ്പോഴും കാരണക്കാരനായ പുരുഷൻ സമൂഹമധ്യത്തിൽ ഒരു പോറൽപോലും ഏൽക്കാതെ എന്തോ വലിയകാര്യം സാധിച്ച മട്ടിൽ വിലസും. കുടുംബക്കാർ അവനോടു ക്ഷമിക്കാനും തയാറാകുംു.
കുടുംബത്തിൽനിന്നു കിട്ടാതെ പോകുന്ന പരിഗണനകളുടെയും അഭിനന്ദനങ്ങളുടെയും അഭാവം മൂലമാണ് പല സ്ത്രീകളും അന്യബന്ധങ്ങളിൽ തലവച്ചു കൊടുക്കുന്നത്.
പക്വത വന്ന പ്രണയത്തിൽ സുരക്ഷിതത്വവും വിശ്വാസവും ഉണ്ടെങ്കിലും അത് പലരും തിരിച്ചറിയുന്നില്ല. ഭാര്യയും അമ്മയുമായ ഒരു കൂട്ടുകാരി അടുത്തിടെ പറഞ്ഞു “പ്രണയമില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല,
നിറമില്ലാത്ത ദാമ്പത്യത്തിൽ പ്രണയത്തിനു പോയിട്ടൊരു നല്ല വാക്കിനുപോലും സ്ഥാനമില്ല, അതുകൊണ്ട് എനിക്ക് എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കണം’ എന്ന്.
അവളുടെ നിഷ്കളങ്കമായ തുറന്നു പറച്ചിൽ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ആലോചിച്ചപ്പോൾ അതൊരു സത്യമായി തോന്നി.
അവൾ പറഞ്ഞ ആ പ്രണയത്തിൽ പക്ഷെ രതിയുടെ ഒരു ലാഞ്ചനപോലും ഉണ്ടായിരുന്നില്ല. മറ്റൊരാളെ പ്രണയിക്കണമെന്ന് അതിന് അർഥവുമില്ല…
പ്രണയം, പ്രകൃതിയോടാകം, മൃഗങ്ങളോടാകാം, പക്ഷികളോടാകാം, പൂക്കളോടാകാം, അശരണരോടാകാം അഗതികളോടാകാം…അക്ഷരങ്ങളോടാകാം…
അതിനുപകരം, അത് പ്രണയം പറഞ്ഞുവരുന്ന മനുഷ്യക്കോമരങ്ങളോടാണെങ്കിൽ അവിടെ നിങ്ങൾ തോൽപ്പിക്കുന്നത് നിങ്ങളെതന്നെയാവും…
മുപ്പതു കഴിഞ്ഞ സ്ത്രീകൾ/പുരുഷൻമാർ പ്രണയത്തിനുവേണ്ടി ദാഹിച്ചു നടക്കുന്നു എന്ന പ്രഹസനം പോയി തുലയട്ടെ… അതോടൊപ്പം നല്ല പ്രണയങ്ങൾ അതെന്നും വാഴ്ത്തപ്പെടട്ടെ..!