സ്വന്തം ലേഖകന്‍
കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ യുവനേതാവിനു പൂര്‍ണ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത്.
യുവാവിന്റെ നടപടി തെറ്റായെന്നു സിപിഎം പ്രാദേശിക നേതാക്കള്‍ നിലപാട് സ്വീകരിക്കുമ്പോഴാണ് പരിപൂര്‍ണ പിന്തുണ നല്കി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി എം.എസ്.ഷെജിനും പങ്കാളി ജ്യോത്സ്നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്.
ക്രിസ്ത്യന്‍ യുവതിയായ പെണ്‍കുട്ടിയെ മുസ്ലിം വിഭാഗത്തില്‍പെട്ട നേതാവ് കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത് വലിയ വിവാദത്തിന് ഇടനല്‍കിയിരുന്നു.
ലൗ ജിഹാദ് ആരോപണം വരെ ഉയര്‍ന്ന കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും ചെയ്തു.
മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍, പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്നാണ് വലിയ പ്രതിഷേധമുണ്ടായത്.
എന്നാല്‍, ഇന്നലെ താമരശേരി കോടതിയില്‍ ഹാജരായ ഇരുവരും തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നു കോടതിയെ അറിയിച്ചു.
മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നു പെണ്‍കുട്ടിയും അറിയിച്ചതോടെ കോടതി യുവാവിനൊപ്പം പോകാന്‍ പെണ്‍കുട്ടിയെ അനുവദിക്കുകയും ചെയ്തു.
അതേസമയം, നേതാവിന്റെ വിവാദ വിവാഹം ക്രിസ്ത്യന്‍ വോട്ടുകള്‍ ഏറെയുള്ള മലയോര മേഖലയില്‍ പാര്‍ട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.
പ്രത്യേകിച്ചും സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ് ഷെജിന്‍ . ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളും മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസും നേതാവിന്റെ നടപടിയെ തള്ളി പറഞ്ഞത്.
അതേസമയം, വ്യത്യസ്ത നിലപാടുമായി ഡിവൈഎഫ്ഐ രംഗത്തെത്തുകയും ചെയ്തു.
ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കു പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാടെന്നു ഡിവൈഎഫ്ഐ കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വീഴ്ച പറ്റിയെന്നു നേതാവ്, ഗൂഢാലോചനയെന്ന് ബന്ധുക്കള്‍
ഇതര മത വിഭാഗത്തിൽപ്പെട്ട കോടഞ്ചേരി സ്വദേശികൾ തമ്മിലുള്ള വിവാഹം മേഖലയിൽ വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായിരുന്നു.
അതേസമയം,. തങ്ങളുടെ വിവാഹം ലൗവ് ജിഹാദ് അല്ലെന്ന് യുവതിയും യുവാവും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പല സംഘടനകളില്‍ നിന്നും തങ്ങൾക്കു ഭീഷണിയുണ്ടെന്നും ഇരുവരും പ്രതികരിച്ചു.
വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്കു വീഴ്ച പറ്റിയെന്നും യുവാവ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, സമ്മര്‍ദത്തിന് വഴങ്ങിയാണ് മകൾ കോടതിയിൽ യുവാവിനൊപ്പം പോകണമെന്നു പറഞ്ഞതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് മകളെ ഇത്രയും നാൾ ഒളിവിൽ താമസിപ്പിച്ചതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ യുവാവ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ യുവതിക്കൊപ്പം പോയത്.
സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന യുവതി മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
ഇത്തരമൊരു പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്നും ഇവർ പറയുന്നു.
ജോര്‍ജ് എം. തോമസിനെ തള്ളി സിപിഎം; ഇന്ന് വിശദീകരണയോഗം
കോഴിക്കോട്: കോടഞ്ചേരിയിൽ ഇതരമതസ്ഥർ തമ്മിൽ വിവാഹം ചെയ്തതിൽ അസ്വഭാവികത കണേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. പ്രായപൂർത്തിയായവർക്ക് ഏത് മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നൽകുന്നുണ്ട്.
വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് പാർട്ടിയെ നേരിട്ട് ബാധിക്കുന്ന കാര്യമല്ല.
സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയതെന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതോടെ ഈ വിഷയം അടഞ്ഞു.എന്നാൽ ആ പ്രദേശത്ത് ചിലർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി പ്രചാരണം നടത്തി.
ഇതര മതസ്ഥർ തമ്മിൽ സ്പർധ ഉണ്ടാക്കുന്നതിന് ഇത് വഴിവച്ചിട്ടുണ്ട്. ഇതിൽ പാർട്ടി ശക്തമായ നിലപാട് സ്വീകരിക്കും.
അത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കും. അതിനാണ് ഇന്ന് വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ജോർജ് എം. തോമസ് പറഞ്ഞതിൽ പിശക് പറ്റി. ഇതിനകത്ത് ലവ് ജിഹാദ് ഒന്നും ഉൾപ്പെട്ടിട്ടല്ല.
ലവ് ജിഹാദ് എന്നത് ആർഎസ്എസും സംഘ്പരിവാറുമെല്ലാം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനും കൊണ്ടുവരുന്ന പ്രയോഗങ്ങളാണ്.
ജോർജ് എം. തോമസിന്റെ ചില പരാമർശങ്ങളിൽ പിശക് വന്നതായി പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനും അത് ബോധ്യപ്പെട്ടിട്ടുണ്ട്.
അത് പാർട്ടിയെ അറിയിച്ചു. ലവ് ജിഹാദ് ആർഎസ്എസ് സൃഷ്ടിയാണെന്ന നിലപാട് സിപിഎം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി. മോഹനൻ പറഞ്ഞു.