രാംസമന്ദ്: രാജസ്ഥാനിൽ “ലൗ ജിഹാദ്’ ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിക്കുന്ന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചത് 14 കാരൻ. കേസിലെ പ്രധാന പ്രതി ശംഭുലാൽ റായ്ഗറിന്റെ അനന്തരവനാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. പശ്ചിമ ബംഗാളിലെ മാൽദയിൽ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്റസുൾ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മമത ബാനർജി ബന്ധുക്കളെ അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.അഫ്റസുൾ രാജസ്ഥാനിലെ രാജ്സമന്തിൽ കരാർ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞ് ഇയാളെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുന്പോൾ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം ലൗ ജിഹാദുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ശംഭുലാൽ ലഹരിക്ക് അടിമയാണെന്ന് ഇയാളുടെ ഭാര്യയും വെളിപ്പെടുത്തി. സംഭവം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സർക്കാർ അതീവ ജാഗ്രതയിലാണ്. കൊലപാതക ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് പോലീസ്.