ഭോപ്പാൽ: അന്യമതസ്ഥയെ വിവാഹം കഴിക്കാനായി ഭോപ്പാലിലെ ജില്ലാ കോടതിയിലെത്തിയ യുവാവിന് ക്രൂരമർദനം. ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിക്കാനെത്തിയ മുസ് ലിം യുവാവിനെയാണ് ആളുകൾ ചേർന്ന് ക്രൂരമായി ആക്രമിച്ചതെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നർസിംഗ്പുർ സ്വദേശിയാണ് ക്രൂരമർദനത്തിന് ഇരയായതെന്നും പിപാരിയ സ്വദേശിയായ ഹിന്ദു യുവതിയെ കോടതിയിൽ വിവാഹം കഴിക്കാനായി ഭോപ്പാലിലെത്തിയതാണെന്നുമാണു റിപ്പോർട്ട്. അതേസമയം യുവതിയെ ലൗജിഹാദിൽ കുടുക്കിയതാണെന്നും അഭിഭാഷകരിൽനിന്നു വിവരം ലഭിച്ചപ്പോൾ ഞങ്ങൾ ഇടപെട്ടതാണെന്നും സംസ്കൃതി ബച്ചാവോ മഞ്ച് എന്ന സംഘടനയുടെ പ്രസിഡന്റ് ചന്ദ്രശേഖർ തിവാരി പറഞ്ഞു.
അക്രമത്തിൽ പങ്കാളികളായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പുറത്തുവന്ന വീഡിയോ പരിശോധിച്ചു വരികയാണെന്നും അസി. പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു.