മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം 19 കാരിയായ പെൺകുട്ടി കാറുമായി കടന്നു. കാർ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. യുവതി ആൺസുഹൃത്തിനൊപ്പം കർണാടകയിലേക്ക് കടന്നതായാണ് സൂചന. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാറിലാണ് സംഭവം.
മാസങ്ങൾക്കുമുമ്പ് മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തിയിരുന്നു. എന്നാൽ, രണ്ടുമാസത്തിനകം ഈ ബന്ധം ഒഴിവാക്കി പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം മാതാപിതാക്കൾ മുറിക്കകത്ത് സംസാരിച്ചിരിക്കുമ്പോൾ പെൺകുട്ടി വാതിൽ പുറത്തുനിന്നുപൂട്ടി കാറിന്റെ താക്കോലെടുത്ത് സ്ഥലംവിടുകയായിരുന്നു.
ഡ്രൈവിംഗ് ലൈസൻസും പരിചയവുമുള്ളതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ദേശീയപാതയിലെ ബന്തിയോട്ടെത്തിയ ശേഷം ആൺസുഹൃത്തിനൊപ്പം പോയതായാണ് സൂചന.
ബന്തിയോടിന് സമീപം മീപ്പുഗിരിയിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. നേരത്തേയും ഒരുതവണ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായ സംഭവമുണ്ടായിരുന്നു.