പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി സജിലുമായി ഉള്ള പ്രണയം ഉപേക്ഷിച്ചതിലുള്ള പ്രതികാരമാകാം തീ കൊളുത്താൻ കാരണമെന്ന് പെൺകുട്ടി പറഞ്ഞെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 7.30ഓടെ നാരങ്ങാനം കരുവിൽ ചിറ്റയിൽ കോളനിയിലായിരുന്നു സംഭവം. പഠനം അവസാനിപ്പിച്ചു വീട്ടിൽ നിൽക്കുകയായിരുന്നു പെണ്‍കുട്ടി. വീടിനു സമീപമെത്തിയ സജിൽ മൊബൈൽ ഫോണിലൂടെ വീട്ടിൽനിന്നിറങ്ങിവരാൻ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി വിസമ്മതിച്ചതോടെ ഇയാൾ മടങ്ങിപ്പോയി.
പിന്നീട് കന്നാസിൽ പെട്രോളുമായെത്തിയ സജിൽ പെണ്‍കുട്ടിയുടെ തലയിൽ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. അയൽവാസികൾ ചേർന്നാണു പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. പൊള്ളൽ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.