മുംബൈ: കാമുകിക്ക് ആഡംബര ഫ്ളാറ്റും കാറുകളും വാങ്ങാൻ ഇന്റർനെറ്റ് ബാങ്കിംഗ് തിരിമറിയിലൂടെ കോടികൾ തട്ടിയ യുവാവ് പിടിയിൽ. മഹാരാഷ്ട്ര കായികവകുപ്പിലാണു തട്ടിപ്പു നടന്നത്. കായികവകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കോംപ്ലക്സിലെ കംപ്യൂട്ടർ ഓപ്പറേറ്ററായ ഹർഷല്‍ കുമാറാണ് 21 കോടി രൂപ തട്ടിയെടുത്തത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം നാല് ബിഎച്ച്കെ ഫ്ളാറ്റ് വാങ്ങി. കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യു കാർ, 1.3 കോടിയുടെ എസ്യുവി, 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യു ബൈക്ക്, ഡയമണ്ട് പതിപ്പിച്ച കണ്ണട തുടങ്ങിയവയും ഹർഷൽ വാങ്ങി.
ഏറെനാളത്തെ ആസൂത്രണത്തിനുശേഷമാണ് കരാർ ജീവനക്കാരനായ ഹർഷല്‍ തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിന്റെ പഴയ ലെറ്റർഹെഡ് സംഘടിപ്പിച്ച ഇയാള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇമെയില്‍ വിലാസം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്കിനു കത്തെഴുതി. ശേഷം ഇയാള്‍ സ്പോർട്സ് കോംപ്ലക്സിന്റെ പേരില്‍ വ്യാജമായി നിർമിച്ച ഇമെയില്‍ നല്കി.
ഇമെയില്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തതോടെ ഒടിപിയുള്‍പ്പടെയുള്ള വിവരങ്ങള്‍ ഹർഷലിനു കൈകാര്യം ചെയ്യാൻ കഴിഞ്ഞു. പിന്നാലെ ഇന്റർനെറ്റ് ബാങ്കിംഗിലൂടെ ഈവർഷം ജൂലൈ ഒന്നിനും ഡിസംബർ ഏഴിനുമിടയില്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ഇയാളുടെ സഹപ്രവർത്തക യശോദ ഷെട്ടിയും ഇവരുടെ ഭർത്താവും കവർച്ചയില്‍ ഹർഷലിന്റെ പങ്കാളികളായിരുന്നു. തട്ടിപ്പില്‍ കൂടുതലാളുകള്‍ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ വാങ്ങിയ ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.