ബംഗളൂരു: കർണാടക തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ജയനഗറിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ സോഷ്യൽ മീഡിയയിൽ കൗതുകമായി. പാർട്ടിക്കും മറ്റും ബോയ്ഫ്രണ്ടിനെ വാടകയ്ക്കു ലഭിക്കുമെന്നാണ് പരസ്യം. “റെന്റ് എ ബോയ്ഫ്രണ്ട്’ എന്നാണ് പരസ്യവാചകം. കാമുകിമാരെയും കാമുകന്മാരെയും വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെയുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനു പ്രചാരം വർധിച്ചുവരികയാണ്.
ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ബംഗളൂരുവിലെ ഈ പരസ്യം. പങ്കാളികളെ വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബർലോകത്ത് സുലഭമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബംഗളൂരുവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെ വാടകയ്ക്കെടുക്കാൻ 389 രൂപയാണ് ചെലവെന്നും പരസ്യവാചകത്തിൽ പറയുന്നു.
പോസ്റ്ററില്‍ പതിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ഈ സേവനം ഉപയോഗിക്കാം. ജയനഗറിൽ മാത്രമല്ല, ബനശങ്കരി, ബിഡിഎ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അതിനിടെ ഇതിനെതിരേ സമീപവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം പ്രവണതകള്‍ ഇന്ത്യൻ സംസ്കാരത്തിനു യോജിച്ചതല്ലെന്നും ഇത് പതിച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.