
കാസര്‍ഗോഡ്: വീടിനകത്തു നിന്ന് 19.5 പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ഉടമയുടെ അകന്ന ബന്ധുവായ കോളജ് വിദ്യാര്‍ഥിനി പിടിയില്‍.
അടുക്കത്ത് വയല്‍ ടെമ്പിള്‍ റോഡിലെ ഒരു വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ടാണ് കോട്ടിക്കുളം സ്വദേശിനിയായ 19കാരിയെ കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിനെ കാണാനായി വീട്ടിലെത്തിയ വിദ്യാര്‍ഥിനി വസ്ത്രംമാറാനായി മുറിയില്‍ കയറുകയും താക്കോല്‍ അലമാരയില്‍ തന്നെ വച്ചനിലയില്‍ കണ്ട് അലമാര തുറന്നുനോക്കി അകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി കടന്നുകളയുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു.
ആഭരണങ്ങള്‍ കാണാതായതു സംബന്ധിച്ച് വീട്ടുടമ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അകന്ന ബന്ധുവായ ഒരു യുവതി കുഞ്ഞിനെ കാണാന്‍ വീട്ടിലെത്തിയിരുന്നതായും പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
കുമ്പള സ്വദേശിയായ ഒരു വിദ്യാര്‍ഥിയുമായി താന്‍ പ്രണയത്തിലാണെന്നും ഇയാള്‍ ഒരു അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് പണം തരപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിനൊരുങ്ങിയതെന്നുമാണ് വിദ്യാര്‍ഥിനി മൊഴി നൽകിയിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ക്ക് കൈമാറിയതായും പറയുന്നു. ഇതോടെ ഈ യുവാവിനെയും കേസില്‍ പ്രതി ചേര്‍ത്തേക്കും.