കടുത്തുരുത്തി: കടുത്തുരുത്തിയിലെ പ്രണയതട്ടിപ്പിലെ പ്രതികള്‍ക്ക് ബംഗളൂരു അധോലോകവുമായി ബന്ധം.
അന്വേഷണം പുരോമിക്കുംതോറും പുതിയ കണ്ടെത്തലുകള്‍ പോലീസിനും തലവേദനയാകുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളില്‍ ചിലര്‍ക്കാണ് ബംഗളൂരുവിലെ ചില അധോലോക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
വര്‍ഷങ്ങളായി ഈ യുവാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ലഹരിക്കൊപ്പം സെക്സും മാര്‍ക്കറ്റ് ചെയ്യുന്ന വമ്പന്‍ ലോബിയുമായിട്ടാണ് യുവാക്കളുടെ ബന്ധമെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.
പ്രണയതട്ടിപ്പ് കേസിലെ പ്രതികളെ അന്വേഷിച്ചിറങ്ങിയ പോലീസിന് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
പ്രണയ തട്ടിപ്പ് നടത്തി പെണ്‍കുട്ടികളെ കുരുക്കിലാക്കി കടത്തിക്കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ് പിടിയിലായ യുവാക്കളെല്ലാം ഈ മേഖലയിലെത്തി മാസങ്ങളും വര്‍ഷങ്ങളും തങ്ങിയിരുന്നതെന്ന കാര്യത്തില്‍ പോലീസിന് ഭിന്നാഭിപ്രായങ്ങളില്ല.
എന്നാല്‍ ഇതേ ആവശ്യത്തിനായെത്തിയ യുവാക്കള്‍ക്ക് ഇതിനുള്ള സാമ്പത്തിക സഹായങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്കാന് ലോക്കല്‍ പോലീസിന് കഴിയുന്നില്ല.
കൂടാതെ പെണ്‍കുട്ടികള്‍ക്കൊപ്പം കാണുകയും അറസ്റ്റിലായ പ്രതികളുടെ സന്തത സഹചാരികളുമായിരുന്ന പലരും ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്.
പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് അവസാനം പിടിയിലായ കണ്ണൂര്‍ കടലായി മാവിലക്കണ്ടി വീട്ടില്‍ സങ്കീര്‍ത്തി (22) നെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാതമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് അഭിനവ് (20) എന്നിവരും റിമാന്‍ഡിലാണ്.