കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് കടുത്തുരുത്തി പോലീസെടുത്ത കേസിന്റെ അന്വേഷണ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായം തേടി.
കടുത്തുരുത്തി മേഖലയില്‍ നിന്നും അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെയും യുവതികളുടെയും ഉള്‍പെടെയുള്ള ഫോണ്‍കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
കൂടാതെ പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇവര്‍ പ്രണയത്തില്‍ കുരുക്കിയ പെണ്‍കുട്ടികളുടെയും ഇവരുമായും പ്രതികളുമായും ബന്ധപെട്ടിട്ടുള്ള സകല ആളുകളുടെയും ഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കൂടാതെ പ്രണയ തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന മുഴുവന്‍ യുവാക്കളുടെയും ഇവരെ സഹായിച്ചവരും ഇവരുമായി ബന്ധം പുലര്ത്തിയിരുന്നവരുടെയമെല്ലാം വിവരങ്ങളും ഫോണ്‍കോളുകളും ശേഖരിക്കുന്നുണ്ട്.
ഇവരെ കൂടാതെ പ്രാദേശികമായി സംശയനിഴലില്‍ നില്ക്കുന്ന ചിലയാളുകളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
ഇവരില്‍ ഉന്നത ബന്ധങ്ങളുള്ളവരും ഉള്പെടുമെന്നാണറിയുന്നത്. കടുത്തുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ഇത്തരത്തില്‍ 30 തിലധികം ആളുകളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് ഇതിനോടകം ശേഖരിച്ചിരിക്കുന്നത്.
കടുത്തുരുത്തി പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് പുറമെ സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവുമെല്ലാം ഇതു സംബന്ധിച്ചു അന്വേഷണം നടത്തുന്നുണ്ട്.
അടുത്ത കാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും മലബാര്‍ മേഖലയിലേക്കാണ് ആദ്യമെത്തിയിരിക്കുന്നത്.
പിന്നീട് ഇവരില്‍ പലരെ പറ്റിയുള്ള യാതൊരു വിവരങ്ങളും വീട്ടുകാര്‍ക്കുപോലും ലഭ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അധോലോക ബന്ധം?
കടുത്തുരുത്തിയിലെ പ്രണയ തട്ടിപ്പിലെ പ്രതികള്‍ക്ക് ബാംഗ്ലൂര്‍ അധോലോകവുമായി ബന്ധം. അന്വേഷണം പുരോമിക്കും തോറും തേടിയെത്തുന്ന പുതിയ കണ്ടെത്തലുകള്‍ പോലീസിനും തലവേദനയാകുന്നു.
ഈ കേസുമായി ബന്ധപെട്ട് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത നാലു പ്രതികളില്‍ ചിലര്‍ക്കാണ് ബാംഗ്ലൂരിലെ ചില അധോലോകങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
വര്‍ഷങ്ങളായി ഈ യുവാക്കള്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ലഹരിക്കൊപ്പം സെക്സും മാര്‍ക്കറ്റ് ചെയ്യുന്ന വമ്പന്‍ ലോബിയുമായിട്ടാണ് യുവാക്കളുടെ ബന്ധമെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.
പ്രണയതട്ടിപ്പ് കേസിലെ പ്രതികളെ അന്വേഷിച്ചിറങ്ങിയ പോലീസിന് ഓരോ ദിവസവും ലഭിച്ചുക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
ബാംഗ്ലൂര്‍ ഉള്‍പെടെയുള്ള വന്‍ നഗരങ്ങളില്‍ സെക്സും ലഹരിയുമെല്ലാം മാര്‍ക്കറ്റ് ചെയ്യുന്നതിന് നേതൃത്വം നല്കുന്ന ആരൊക്കെയാണെന്നത് ഈ കേസുമായി ബന്ധപെട്ട ലഭിച്ച വിവരങ്ങളുടെ ഗൗരവും വര്‍ദ്ധിപ്പിക്കുന്നതാണ്.
സാന്പത്തികം എങ്ങനെ?
പ്രണയ തട്ടിപ്പ് നടത്തി പെണ്‍ക്കുട്ടികളെ കുരുക്കിലാക്കി കടത്തി കൊണ്ടു പോകാന്‍ വേണ്ടി മാത്രമാണ് പിടിയിലായ യുവാക്കളെല്ലാം ഈ മേഖലയിലെത്തി മാസങ്ങളും വര്‍ഷങ്ങളും തങ്ങിയിരുന്നതെന്ന കാര്യത്തില്‍ പോലീസിന് ഭിന്നാഭിപ്രായങ്ങളില്ല.
എന്നാല്‍ ഇതേ ആവശ്യത്തിനായെത്തിയ യുവാക്കള്‍ക്ക് ഇതിനുള്ള സാമ്പത്തിക സഹായങ്ങള്‍ എവിടെ നിന്നാണ് ലഭിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്കാന് ലോക്കല്‍ പോലീസിന് കഴിയുന്നില്ല.
പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെല്ലാവരും സാമ്പത്തികമായി യാതൊരു പിന്‍ബലവുമില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
വേലയും കൂലിയുമൊന്നുമില്ലാത്ത ഈ യുവാക്കളെല്ലാം പെണ്‍ക്കുട്ടികളെ പ്രണയിച്ചു കടത്തിക്കൊണ്ടു പോകാന്‍ മാത്രമായി വന്നവരാണെങ്കില്‍ ഇത്തരമൊരു ജോലി ചെയ്യാന്‍ സാമ്പത്തികം ഉള്‍പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നവര്‍ പിന്നിലുണ്ടെന്ന കാര്യവും പോലീസ് സമ്മതിക്കുന്നുണ്ട്.
യഥാർഥ പ്രതികൾ?
പിടിയിലായ പ്രതികളുടെ പേര് വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇതിന് പിന്നില്‍ മുമ്പ് ആരോപണം ഉയര്‍ന്നിരുന്ന വിഭാഗമല്ല പ്രവര്‍ത്തിക്കുന്നതെന്ന് വാദിക്കാനാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ പിടിയിലായവരെല്ലാം ഒന്നിന് പുറകെ ഒന്നായി ഒരേ ലക്ഷ്യം വച്ചു വരികയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണെന്ന് സമ്മതിക്കാനും പോലീസിന് മടിയില്ല.
കൂടാതെ പെണ്‍കുട്ടികള്‍ക്കൊപ്പം കാണുകയും അറസ്റ്റിലായ പ്രതികളുടെ സന്തത സഹചാരികളുമായി നടന്നിരുന്ന പലരും ഇപ്പോഴും അന്വേഷണത്തിന് പുറത്താണ്.
പ്രതികളുടെ വിലാസം നോക്കിയല്ല ഈ കേസിന് പുറകിലെ ഉദ്ദേശങ്ങളെ മനസിലാക്കേണ്ടതെന്നും പണവും സൗകര്യങ്ങളും നല്കി ഇവരെ അയച്ചിരിക്കുന്ന യഥാര്‍ഥ പ്രതികളെയാണ് കണ്ടെത്തേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രണയ തട്ടിപ്പ് നടത്തി പെണ്‍കുട്ടികളെ കടത്തി കൊണ്ട് പോകാന്‍ യുവാക്കളെ രംഗത്തിറക്കിയിരിക്കുന്നവര്ക്ക് ഈ ആവശ്യങ്ങള്‍ക്കായി പണം മുടക്കാനുള്ള ശേഷിക്കൊപ്പം ഇക്കാര്യത്തില്‍ യാതൊരു മടിയുമില്ലെന്നതാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.