ആദ്യ ഒളിച്ചോട്ടം പതിനെട്ടു തികയും മുമ്പേ; പതിനെട്ടു തികഞ്ഞതിനു ശേഷം അടുത്ത ഒളിച്ചോട്ടം; ഒരാഴ്ച ഹോട്ടലില്‍ താമസിച്ചപ്പോള്‍ കൈയ്യിലെ പണമെല്ലാം തീര്‍ന്നു; കൊച്ചിക്കാരായ യുവ കമിതാക്കള്‍ പെട്ടതിങ്ങനെ…

കൊച്ചി: കമിതാക്കള്‍ ഒളിച്ചോടുന്നതും വിവാഹം കഴിക്കുന്നതും കേരളത്തില്‍ അപൂര്‍വമായ കാര്യമല്ല. എന്നാല്‍ കലൂര്‍ ആസാദ് റോഡ് സ്വദേശി സൗരവും കാമുകി ചേരാനല്ലൂര്‍ സ്വദേശി ശ്രീക്കുട്ടിയും രണ്ട് തവണയാണ് ഒളിച്ചോടിയത്. ആദ്യം ഒളിച്ചോടിയത് മൂന്നു മാസം മുമ്പായിരുന്നു. അന്ന് ഇരുവര്‍ക്കും പതിനെട്ട് വയസ് തികഞ്ഞിരുന്നില്ല. അന്നിവരെ പോലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായതോടെ അടുത്തിടെ ഇരുവരും വീണ്ടും ഒളിച്ചോടി. എന്നാല്‍ ഇത്തവണയും പോലീസ് ഇവരെ പിടികൂടി. പക്ഷെ അയച്ചത് വീട്ടിലേക്കല്ല ജയിലിലേക്കാണെന്നു മാത്രം.

മോഷണക്കുറ്റത്തിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യൂസ്ഡ് ബൈക്ക് സ്ഥാപനത്തിലെത്തിയ ശേഷം ഓടിച്ച് നോക്കാനെന്ന പേരില്‍ ബൈക്ക് വാങ്ങി കടന്ന് കളയുകയായിരുന്നു.കയ്യിലെ പണം തീരുന്നത് വരെ ഇരുവരും ഗുരുവായൂരിലെ ലോഡ്ജില്‍ ഒരാഴ്ചക്കാലം താമസിക്കുകയും ചെയ്തു. കയ്യില്‍ കരുതിയ പണം തീര്‍ന്നതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായി. ഇതോടെ ഇരുവരും മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ ഫസ സാനിറ്ററി ഹാര്‍ഡ്വെയര്‍ സ്ഥാനമാണ് മോഷണത്തിനായി തെരഞ്ഞെടുത്തത്. രാവിലെ 10.45ഓടെ ഇരുവരും കടയിലേക്ക് എത്തി. ആ സമയത്ത് നിരവധി ആളുകള്‍ സാധനം വാങ്ങാനായി കടയിലുണ്ടായിരുന്നു. തിരക്ക് ഒഴിയുന്നത് വരെ വില ചോദിച്ചും മറ്റും ശ്രീക്കുട്ടിയും സൗരവും കടയില്‍ ചുറ്റിപ്പറ്റി നിന്നു.

തിരക്ക് കുറഞ്ഞതോടെ സൗരവ് ഹംസയോട് എക്സ്റ്റന്‍ഷന്‍ കോഡ് ആവശ്യപ്പെട്ടു. 500 രൂപയുടേത് മതിയെന്നും തന്റെ പക്കല്‍ രണ്ടായിരത്തിന്റെ നോട്ടാണെന്നും പറഞ്ഞു. നോട്ട് കാണിച്ച ശേഷം ചില്ലറ തരാമെന്ന് ഹംസ മറുപടിയും നല്‍കി. ഇതോടെ പണം എടുത്ത് വരാം എന്ന് പറഞ്ഞ് സൗരവ് പുറത്ത് നിര്‍ത്തിയ ബൈക്കിന് അരികിലേക്ക് പോയി. തിരികെ വന്നത് കയ്യില്‍ മുളക് പൊടിയുമായിട്ടായിരുന്നു. മുളക് പൊടി ഹംസയുടെ കണ്ണിലേക്ക് എറിഞ്ഞ പണം കവര്‍ന്ന് ഓടാനായിരുന്നു ശ്രമം. മുളക് പൊടി കണ്ണില്‍ വീണ ഹംസ ഉറക്കെ ബഹളമുണ്ടാക്കുകയും സൗരവിന്റെ കഴുത്തില്‍ പിടിക്കുകയും ചെയ്തു. പണം മോഷ്ടിച്ച് ഓടാനുള്ള ശ്രമം ഇതോടെ പാളി. പണം കിട്ടില്ലെന്നായപ്പോള്‍ ഏത് വിധേനെയും രക്ഷപ്പെടാനായി കമിതാക്കളുടെ ശ്രമം. പുറത്തേക്ക് ഓടാനുള്ള ശ്രമത്തിനിടെ ശ്രീക്കുട്ടി നിലത്ത് വീണു. ഹംസയാകട്ടെ യുവതിയുടെ മുടിയില്‍ പിടിച്ച് പുറത്തേക്ക് ഓടുന്നതില്‍ നിന്നും തടഞ്ഞു. പിടിവലിക്കിടെ ഇരുവരുമായി ഹംസ കടയ്ക്ക് പുറത്തേക്ക് എത്തി. ബഹളം കേട്ട് പരിസരവാസികളും സ്ഥലത്തെത്തി. ആളുകള്‍ കൂടിയതോടെ കമിതാക്കള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത സാഹചര്യമായി. ഉടനെ തന്നെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ് ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റി.

 

Related posts