പ്രണയദിനത്തിൽ സമ്മാനമായി മൊബൈൽ ഫോണ് വാങ്ങി നൽകാതിരുന്ന കാമുകന് കാമുകിയുടെ വക തല്ല്. ചൈനയിലെ അനൗദ്യോഗീക പ്രണയദിനത്തിൽ സിചുവാൻ പ്രവശ്യയിലുള്ള ദോസുവിൽ വച്ചാണ് സംഭവം നടന്നത്.
52 പ്രാവശ്യമാണ് കാമുകി കാമുകന്റെ മുഖത്ത് അടിച്ചത്. പ്രണയദിനത്തിൽ മൊബൈൽ ഫോണ് നൽകാമെന്ന് കാമുകൻ വാക്ക് നൽകിയിരുന്നു. എന്നാൽ കാമുകന് അതിനു സാധിക്കാതെ വന്നപ്പോൾ കലിപൂണ്ട കാമുകി പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തെ അടിക്കുകയായിരുന്നു.
യുവതിയുടെ പ്രവൃത്തി കണ്ട് അമ്പരന്ന ചിലർ ഇവരെ പിടിച്ചു മാറ്റുവാൻ ശ്രമിച്ചുവെങ്കിലും ഇവർ അടി നിർത്തിയില്ല. അവസാനം പോലീസ് എത്തിയാണ് യുവതിയെ പിടിച്ചു നിർത്തിയത്. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുവാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും കാമുകിക്ക് പ്രശ്നമുണ്ടാകുമെന്ന് ഭയന്ന കാമുകൻ പോലീസിനോട് സംസാരിച്ച് അത് ഒഴിവാക്കി.
കുറെ നാളുകളായി കാമുകനെ സാമ്പത്തികമായി സഹായിക്കുന്നയാളാണ് ഈ കാമുകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രണയദിനത്തിൽ പോലും ഒരു സമ്മാനം നൽകുവാൻ ഇയാൾക്ക് സാധിക്കാതെ വന്നതോടെയാണ് കാമുകിയുടെ നിയന്ത്രണം നഷ്ടമായത്.
തുടർന്ന് കലിപൂണ്ട് നിൽക്കുകയായിരുന്ന കാമുകിയോട് തന്നെ തല്ലി ദേഷ്യം തീർത്തുകൊള്ളാൻ കാമുകൻ തന്നെയാണ് ആവശ്യപ്പെട്ടത്. ഇത്തരം പ്രവർത്തി ഇനി ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകിയാണ് ഇരുവരെയും പോലീസ് വിട്ടയച്ചത്.