തൊടുപുഴ: ഒന്നിച്ചു ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കമിതാക്കൾക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വധഭീഷണി. ഒടുവിൽ ഇവർക്ക് ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി നൽകി. കെവിനു സംഭവിച്ച ദുരന്തത്തിനു സമാനമായ അനുഭവമുണ്ടാകുമെന്നായിരുന്നു വീട്ടുകാർ ഭീഷണി മുഴക്കിയതെന്ന് യുവാവ് ഫേസ് ബുക്കിൽ ഇട്ട പോസ്റ്റാണ് കേസിൽ വഴിത്തിരിവായത്.
വ്യത്യസ്ത മതസ്ഥരായ തൊടുപുഴ കോടിക്കുളം സ്വദേശിയായ യുവാവും ചിലവു സ്വദേശിയായ പെണ്‍കുട്ടിയുമാണ് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് നാടു വിട്ടത്. പെണ്‍കുട്ടിയ്ക്ക് വീട്ടുകാർ വേറെ വിവാഹം നിശ്ചയിച്ചതിനെ തുടർന്നാണ് ഇവർ നാടുവിട്ടത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയുമായി യുവാവ് പാലക്കാട് ചെർപ്പുളശേരിയിലുള്ള ബന്ധുവീട്ടിലാണ് അഭയം തേടിയത്. ഇവിടെ കഴിയുന്പോഴാണ് വധഭീഷണിയുണ്ടായത്.
ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും കെവിന്റെ അനുഭവമുണ്ടാകുമെന്നുമായിരുന്നു ഭീഷണി. തങ്ങൾ ഇരുവരെയും കൊല്ലുമെന്നും ഫേസ് ബുക്ക് പോസ്റ്റ് മരണമൊഴിയായി കണക്കാക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യർഥന.
കൂടാതെ സഹായിക്കണമെന്നും പറഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു.
യുവാവിന്റെ ബന്ധു ഇരുവരെയും പിന്നീട് ചെർപ്പുളശേരി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും കരിമണ്ണൂർ പോലീസിൽ വിവരമറിയിച്ചതിനു ശേഷം ഇരുവരെയും വെള്ളിയാഴ്ച കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
ഇതേത്തുടർന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനിൽ തടിച്ചു കൂടിയതോടെ നാടകീയ രംഗങ്ങളും ഉണ്ടായി. ഇരു കൂട്ടരുടെയും ബന്ധുക്കളുടെ വികാരഭരിതമായ രംഗങ്ങളും അരങ്ങേറി. പെണ്‍കുട്ടിയോട് സംസാരിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു.
പിന്നീട് ഇരുവരെയും പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. യുവാവിനോടൊപ്പം പോകണമെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടർന്ന് കോടതി ഇരുവർക്കും ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകുകയായിരുന്നു.