കോട്ടയം: അടുപ്പമുണ്ടായിരുന്ന പെൺകുട്ടി “തേച്ചിട്ടു പോയോ’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നതെന്ന് ഇത്തരം സംഭവങ്ങൾ നിരീക്ഷിക്കുന്നവർ പറയുന്നു.
മിക്ക സംഭവങ്ങളിലും കൊലയാളികൾ പെൺകുട്ടികളുമായി ഏതെങ്കിലും രീതിയിൽ അടുപ്പമോ സൗഹൃദമോ ഉള്ളവരായിരുന്നു.
ചിലർ തമ്മിൽ പ്രണയമായിരുന്നു, മറ്റു ചിലർ അടുത്ത സൗഹൃദമുള്ളവരായിരുന്നു, ചിലർ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചവരായിരുന്നു…
ചെന്നു വീണു കഴിയുന്പോഴാണ് പലപ്പോഴും തനിക്കു പൊരുത്തപ്പെടാൻ പറ്റാത്ത ആളാണ് സുഹൃത്ത് എന്നു പെൺകുട്ടികൾ തിരിച്ചറിയുന്നത്. പിന്നീട് അതിൽനിന്നു പിന്മാറാനും രക്ഷപ്പെടാനുമുള്ള വഴികൾ തേടും.
ഇതു പലപ്പോഴും കാമുകന്മാരായി എത്തുന്നവർക്കു പകയും പ്രതികാരവുമായി മാറുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രണയനൈരാശ്യത്തിൽ പെൺകുട്ടിയുടെ ജീവൻ എടുക്കണമെന്നുള്ള മനോഭാവം യുവതലമുറയിലെ മാനസികാരോഗ്യത്തിൽ വന്നിട്ടുള്ള വലിയ പോരായ്മയുടെ പ്രതിഫലനമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്നു പാലായിൽ കൊല്ലപ്പെട്ട പെൺകുട്ടിയുമായും താൻ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നാണ് പ്രതി അവകാശപ്പെടുന്നത്.
അടുത്ത കാലത്തായി അവൾ തന്നോട് അകൽച്ച കാണിക്കുന്നതാണ് ആക്രമണത്തിനു കാരണമെന്നും പ്രതി പോലീസിനോടു പറഞ്ഞു.
കൗമാരത്തിലെ സൗഹൃദങ്ങളിലും സമീപനങ്ങളിലും അതീവ ജാഗ്രത പുലർത്താൻ പെണ്കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
സമയം പോക്കിനു വേണ്ടിയുള്ള സംവിധാനമായി പ്രണയത്തെ കാണരുത്. കാരണം നിങ്ങൾ ഇടപെടുന്നവരുടെ മനോനില ആ രീതിയിൽ ആകണമെന്നില്ല.
ശരിയായി കൈകാര്യം ചെയ്യപ്പെട്ടില്ലെങ്കിൽ അത് അപകടകാരിയായി തിരിഞ്ഞുകൊത്തുമെന്നാണ് ഇതുവരെയുള്ള പലരുടെയും അനുഭവങ്ങൾ തെളിയിക്കുന്നത്.
ആണ് സുഹൃത്തുക്കളോടു കാണിക്കുന്ന അടുപ്പവും സൗഹൃദവും പ്രണയമായി തെറ്റിദ്ധരിക്കപ്പെടാതിരിക്കാനുള്ള സൂക്ഷ്മത പെരുമാറ്റത്തിലും സംസാരത്തിലും പുലർത്തണം.
നേരന്പോക്കോ തമാശയോ അല്ല ജീവിതമെന്നത് എപ്പോഴും ഓർമയിലുണ്ടാകണം. കൗമാരഭാഷയിൽ പറഞ്ഞാൽ “തേച്ചിട്ടുപോയി’ എന്ന തോന്നലാണ് പലപ്പോഴും പ്രണയച്ചാവേറുകളെ സൃഷ്ടിക്കുന്നത്.