ഒരു കാമുകന്റെ സംശയവും ആവലാതിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്. കാമുകി ചെറിയ കുട്ടികളെപ്പോലെ കൊഞ്ചി സംസാരിക്കുന്നു, ഇതിൽ എന്തെങ്കിലും അപകടമുണ്ടോ’ എന്നാണു കാമുകന് അറിയേണ്ടത്. 30കാരനായ യുവാവാണു തന്റെ കാമുകിയെക്കുറിച്ചുള്ള ആശങ്കകൾ റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.
തന്നോടു സംസാരിക്കുമ്പോഴെല്ലാം കാമുകി മനഃപൂർവം കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ സംസാരിക്കുകയാണെന്ന് ഇയാൾ പറയുന്നു. ഈ സംസാരം തനിക്കത്ര പിടിക്കുന്നില്ല. എന്താണ് ഇതിന്റെ സാരം. ഇതു തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ? ബന്ധം അവസാനിപ്പിക്കേണ്ടി വരുമോ? എന്നെല്ലാമാണു യുവാവിന്റെ സംശയം.
സംശയം ദുരീകരിക്കാൻ തന്നെ സഹായിക്കണമെന്ന അഭ്യർഥനയും പോസ്റ്റിലുണ്ട്. ഏതായാലും യുവാവിന് ഉപദേശങ്ങളും നിർദേശങ്ങളുമായി ഒരുപാടു പേരെത്തി. കാമുകിയുടെ കൊഞ്ചൽ സഹിക്കാൻ പറ്റില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കുന്നതാണു നല്ലതെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. കാമുകി കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുന്നതു ക്യൂട്ട് അല്ലേ എന്ന ചോദ്യങ്ങളുമുണ്ടായി.
റിലേഷൻഷിപ്പ് സൈക്കോളജി സ്പെഷലിസ്റ്റായ ഡോ. അന്റോണിയ ഹാളിന്റെ അഭിപ്രായം അതിൽ ശ്രദ്ധിക്കപ്പെട്ടു. കുട്ടികളെപ്പോലെ സംസാരിക്കുന്നത് പങ്കാളിക്കു നിങ്ങളോടുള്ള ഗാഢമായ അടുപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. “ബേബി ടോക്കി’ലൂടെ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിക്കുമെന്നും അന്റോണിയ ഹാൾ വിശദീകരിക്കുന്നു. ഇതെല്ലാം കേട്ട് കാമുകൻ എന്തു ചെയ്യുമോ എന്തോ..?