കോട്ടയം: കേരളത്തിൽ പ്രണയപ്പകയുടെ ഏറ്റവും വലിയ ഇരകൾ കൗമാരക്കാരും ഇരുപത്തഞ്ചിൽ താഴെ പ്രായമുള്ള പെൺകുട്ടികളുമാണെന്നു ഇതുവരെയുള്ള സംഭവങ്ങൾ തെളിയിക്കുന്നു.
പാലായിൽ ഇന്നു കൊല്ലപ്പെട്ട നിതിന മോൾ(22), കടമ്മനിട്ട സ്വദേശിനി ശാരിക (18), നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട ഡോ.മാനസ (24), തൃശൂർ സ്വദേശിനി നീതു (21), കാസർഗോഡ് സ്വദേശിനി കെ.അക്ഷിത (19),
എറണാകുളം കാക്കനാട് പ്ലസ് വൺ വിദ്യാർഥിനി ദേവിക , എറണാകുളം സ്വദേശിനി ഈവ (21) ഇവരൊക്കെ യുവത്വത്തിന്റെ തുടക്കത്തിൽ തന്നെ പ്രണയച്ചാവേറുകൾക്ക് ഇരകളായി മാറുകയായിരുന്നു.
അടുത്ത കാലത്തു പ്ലസ് ടു വിദ്യാർഥിനികളായ രണ്ടുപേരാണ് പ്രണയപ്പകയുടെ പേരിൽ കൊല്ലപ്പെട്ടത്.
സ്വന്തം മകൾ കണ്മുന്നിൽ കത്തിയെരിയുന്നതു നിസഹായതോടെ നോക്കി നിൽക്കേണ്ടി വന്ന രക്ഷിതാവിന്റെ കഥയാണ് എറണാകുളം കാക്കനാട്ടെ ഷാലൻ എന്ന പിതാവിനു പറയാനുള്ളത്.
പ്ലസ് ടു വിദ്യാർഥിനിയായിരുന്ന ദേവികയെ പ്രണയനൈരാശ്യത്തിൽ പകപൂണ്ട യുവാവ് വീട്ടിൽ കയറി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്.
2019 ഒക്ടോബർ പത്തിനായിരുന്നു ആ ദാരുണസംഭവം. സ്കൂളിലേക്കു പോകുന്ന വഴികളിലും സ്കൂൾ വളപ്പുകളിലും മാത്രമല്ല സുരക്ഷിതമെന്നു കരുതുന്ന സ്വന്തം വീടിന്റെ അകത്തളങ്ങളിലേക്കും ഈ പ്രണയച്ചാവേറുകൾ കടന്നുകയറിയതിന്റെ നേർചിത്രം.
എറണാകുളം കാക്കനാട്ട് സ്വന്തം വീട്ടിൽ വച്ചാണ് പിതാവ് അടക്കം വീട്ടിലുണ്ടായിരുന്നപ്പോൾ ദേവിക കൊല്ലപ്പെടുന്നത്.
പ്രശ്നങ്ങളുടെ തുടക്കം
ദേവികയും പറവൂർ സ്വദേശിയായ മിഥുനും തമ്മിലുള്ള സൗഹൃദം ദേവികയുടെ വീട്ടിൽ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുത്തു ദേവിക ഈ സൗഹൃദത്തിൽനിന്നു പിന്മാറാൻ തയാറായി.
എന്നാൽ, പറവൂർ സ്വദേശിയായ മിഥുൻ അതിനു തയാറായില്ല. അതോടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയാണെന്ന പരാതിയുമായി വീട്ടുകാർ പോലീസിനെ സമീപിച്ചു. പോലീസ് മിഥുനെ വിളിച്ചുവരുത്തി. ഇനിയും പെൺകുട്ടിയുടെ പിന്നാലെ നടന്നു
ശല്യപ്പെടുത്തരുതെന്നു കർശന നിർദേശം നൽകി വിട്ടയച്ചു. ഇതോടെ എല്ലാം പരിഹരിക്കപ്പെട്ടു എന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാർ.
എന്നാൽ, പിറ്റേന്നും പതിവുപോലെ മിഥുൻ അവളെ തേടിയെത്തി. വീട്ടുകാർക്കും കാമുകനും നടുവിൽ പ്രതിസന്ധിയിലായ ദേവിക ഒടുവിൽ വീട്ടുകാരുടെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു.
അടുപ്പം മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യമില്ലെന്നു ദേവിക തന്നെ അവനോടു പറഞ്ഞു. അന്നു രാത്രിയാണ് ദേവികയെ തേടി അവൻ വീണ്ടും അവളുടെ കാക്കനാട്ടെ വീട്ടിലേക്കു ചെല്ലുന്നത്.
അപ്രതീക്ഷിതം
സുഹൃത്തിന്റെ ബൈക്കിൽ എത്തിയ മിഥുൻ വീട്ടുമുറ്റത്തേക്കു കയറിച്ചെന്ന് അവളെ കാണണമെന്ന് ആവശ്യപ്പെട്ടു. ദേവികയുടെ പിതാവ് ഷാലനാണ് ഇറങ്ങിവന്നത്.
രാത്രിയിൽ ഇവർ തമ്മിലുള്ള വാക്കേറ്റം കേട്ടുകൊണ്ടാണ് ദേവിക അകത്തുനിന്ന് ഇറങ്ങിവന്നത്. ഷാലനു പിന്നിൽ ദേവികയെ കണ്ടതോടെ അപ്രതീക്ഷിത നീക്കമായിരുന്നു അവനിൽനിന്നുണ്ടായത്.
ഷാലനെ മറികടന്ന് അതിവേഗം വീട്ടിനുള്ളിലേക്കു പാഞ്ഞ മിഥുൻ നിമിഷങ്ങൾക്കുള്ളിൽ ദേവികയെ പെട്രോളിൽ കുളിപ്പിച്ചു. അടുത്ത നിമിഷം ലൈറ്റർ മിന്നി. എന്താണ് സംഭവിക്കുന്നതെന്നു തിരിച്ചറിയുംമുന്‍പേ ആ കൗമാരക്കാരിയെ തീ വിഴുങ്ങി.
ഓടിയെത്തിയ പിതാവിനോ മറ്റുള്ളവർക്കോ മകളെ ദുരന്തത്തിൽനിന്നു രക്ഷിക്കാനായില്ല. രക്ഷാശ്രമത്തിനിടയിൽ അച്ഛനും പൊള്ളലേറ്റു.
ദേഹത്തു തീപടർന്ന ദേവിക പുറത്തേക്ക് ഒാടാൻ ശ്രമിക്കുന്നതിനിടെ അവളെ വട്ടംചേർത്തു പിടിച്ച മിഥുനും പൊള്ളലേറ്റു മരിച്ചു.
ഈവയ്ക്കു സംഭവിച്ചത്
എറണാകുളത്തു തന്നെയാണ് മറ്റൊരു പ്ലസ്ടു വിദ്യാർഥിനിക്കും സമീപകാലത്തു പ്രണയനൈരാശ്യത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടത്.
ഈവ എന്ന പെണ്‍കുട്ടിയെ സ്കൂളിൽനിന്നു വിളിച്ചുകൊണ്ടുപോയാണ് സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കൊലപ്പെടുത്തിയത്.
പ്രണയം എല്ലാം പറഞ്ഞു തീർത്ത് അവസാനിപ്പിക്കാം എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ പെണ്‍കുട്ടിയെ കാറിൽ കയറ്റി ചാലക്കുടി – അതിരപ്പിള്ളി വഴി മലയ്ക്കപ്പാറയിലേക്കുകൊണ്ടുപോയത്.
അവിടെവച്ചു പ്രണയത്തെക്കുറിച്ചു തർക്കമുണ്ടാക്കി പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം തേയിലത്തോട്ടത്തിൽ തള്ളി. 2020 ജനുവരി എട്ടിനായിരുന്നു നാടിനെ നടുക്കിയ ഈ കൊടുംക്രൂരത.
ഇയാൾ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടർന്ന് പിതാവ് എല്ലാ ദിവസവും അവളെ സ്കൂളിൽ കൊണ്ടാക്കുകയായിരുന്നു പതിവ്.
എന്നിട്ടും അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പൊള്ളാച്ചിയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്നീടു പിടികൂടുകയായിരുന്നു.
തേൻ പുരട്ടുന്പോൾ
ഏതാനും തേൻപുരട്ടിയ വാക്കുകളിൽ ഉരുവാകുന്ന വൈകാരിക താത്പര്യങ്ങളുടെ പേരിൽ രൂപപ്പെടേണ്ടതല്ല പ്രണയം എന്നാണ് ദേവികയുടെയും ഈവയുടെയും ദുരന്തം നമ്മെ ഓർമിപ്പിക്കുന്നത്.
കൗമാരത്തിന്റെ തുടക്കം എന്നതു പലരും ജീവിതത്തെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു തുടങ്ങുന്ന പ്രായം പോലുമല്ല. പക്ഷേ, ആ പ്രായത്തിലെ ഇടപെടലുകളിലെ സൂക്ഷ്മതക്കുറവോ ജാഗ്രതയില്ലായ്മയോ ആണ് പല പെണ്‍കുട്ടികൾക്കും ജീവൻ നഷ്ടമാകുന്ന കുരുക്കായി പിന്നീടു വളർന്നിട്ടുള്ളത്.