സാധാരണയായി ചൈനീസ് ഉത്പന്നങ്ങളെ ഗ്യാരണ്ടി ഇല്ലായെന്ന് പറയാറുണ്ടല്ലൊ. പ്രണയത്തെയും ചൈനീസ് ഉത്പന്നമെന്ന് ചില വിരുതന്മാര് ട്രോളാറുണ്ട്.
എന്നാല്‍ ഒരു ചൈനക്കാരന്റെ പ്രണയം അത്ര പെട്ടെന്ന് നശിക്കുന്നതല്ല എന്ന ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു ചൈനക്കാരന്റെ പ്രണയം തകര്ന്നിടംമുതലാണ് കഥ ആരംഭിക്കുന്നത്. കാമുകി അദ്ദേഹത്തില്‍ നിന്നും പിരിഞ്ഞ് അവരുടേതായ ജീവിത വഴിയില്‍ യാത്രചെയ്യാന്‍ തുടങ്ങി.
എന്നാല്‍ വിരഹവേദന താങ്ങാന്‍ തനിക്കാകില്ലെന്ന് അപ്പോഴാണ് കാമുകന് മനസിലാക്കിയത്.
അതോടെ ഇദ്ദേഹം കാമുകിയെ തിരികെ നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ യുവതിയുടെ മനസ് അത്ര അലിഞ്ഞില്ല.
പക്ഷേ ഈ കാമുകന് യുവതിയുടെ ഓഫീസിന് മുന്നില്‍ കൈയില്‍ റോസാപ്പൂക്കളുമായി എത്തി. യുവതിയുടെ വരവിനായി ഇയാള്‍ കാത്തിരുന്നു.
എന്നാല്‍ ആ കാത്തിരിപ്പ് കുറേ നീണ്ടു. 21 മണിക്കൂറാണ് ഈ കാമുകന് മുട്ടുകുത്തി നിന്നത്.
മാര്‍ച്ച് 28ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ അടുത്തദിവസം രാവിലെ 10 വരെയായിരുന്നു ഈ നില്പ്. മഴയും വെയിലും ഇതിനിടെ വന്നു. എന്നിട്ടും ഈ യുവാവ് പിന്‍വാങ്ങിയില്ല.
വിവരമറിഞ്ഞ് ആളുകള്‍ യുവാവിനടുത്തേക്കെത്തി. സമൂഹ മാധ്യമങ്ങളും മാധ്യമങ്ങളും ഈ പ്രണയിതാവിന്റെ കാര്യം വലിയ വാര്‍ത്തയാക്കി. എന്തിനേറെ ചൈനീസ് പോലീസ്വരെ യുവാവിനരികിലെത്തി.
അവര്‍ അയാളോട് പിന്മാറാന് ആവശ്യപ്പെട്ടു. പക്ഷേ “താന്‍ ഇവിടെ മുട്ടുകുത്തുന്നത് നിയമവിരുദ്ധമാണോ? ഇത് നിയമവിരുദ്ധമല്ലെങ്കില് ദയവായി വെറുതെ വിടൂ’ എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
എന്തായാലും വിവരമറിഞ്ഞിട്ടും കാമുകി എത്തിയില്ല എന്നാണ് വിവരം. “യുവാവിന്റെ പ്രണയം വലിയതായിരിക്കാം എന്നിരുന്നാലും പെണ്‍കുട്ടിക്ക് അവളുടേതായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് മാനിക്കണം’ എന്നാണൊരാള്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.