ചങ്ങരംകുളം: പ്രണയം നടിച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലെ പ്രതി റിമാൻഡിൽ. വയനാട് പുതുശേരി കോളോത്ത് മുഹമ്മദ് അനീസ്(22)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
പ്രണയത്തിൽ നിന്ന് പിൻമാറാൻ പ്രണയിനിയായ 17 കാരിയോട് യുവാവ് ആവശ്യപ്പെട്ടത് പത്ത് ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് കുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നര പവന്റെ ആഭരണം കൈക്കലാക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ സ്വഭാവദൂഷ്യം മനസിലാക്കി പെണ്‍കുട്ടി പ്രണയത്തിൽ നിന്ന് പി·ാറിയതോടെയാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു തുടങ്ങിയത്. പിന്നീട് പെണ്‍കുട്ടിയോടൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുകാരിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയും ആയിരുന്നു.
വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മൈസൂരിൽ ഉണ്ടെന്ന് കണ്ടത്തുകയും പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പോലീസ് പിടികൂടുകയുമായിരുന്നു.
പോലീസ് നടത്തിയ അന്വേഷണങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ യുവാവിനെ കുടുക്കിയത് പണം നൽകാനെന്ന് പറഞ്ഞ് മൈസൂരിലെത്തിച്ചാണ്. മൈസൂരിലെത്തിയ എസ്ഐ മനോജ്കുമാറും പോലീസുകാരായ അരുണും ഉദയകുമാറും പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും 30000 രൂപ ബാങ്കിലിട്ടു തരാൻ വന്നതാണെന്നും പറഞ്ഞ് യുവാവിനെ വിളിച്ച് വരുത്തി വലയൊരുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ കേസെടുത്തു.