ആലപ്പുഴ: മലയാളി യുവാവുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങിവന്ന തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസുമായെത്തി ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയെന്നും മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കാതെ വധിക്കുമെന്ന പരാതിയുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഹരിപ്പാട് പായിപ്പാട് സ്വദേശിയായ എഡ്വിൻ ഫിലിപ്പ് സാം (24) ആണ് ഇതു സംബന്ധിച്ചു സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇടുകയും സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്കുകയും ചെയ്തിരിക്കുന്നത്. കോവളത്ത് ബി.എസ്സി ഹോസ്പിറ്റാലിറ്റി കോഴ്സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ 21കാരിയുമായി യുവാവ് അടുപ്പത്തിലായത്.
യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ 12ന് ഹരിപ്പാട് സബ്രജിസ്ട്രാർ ഓഫീസ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി. അന്നുരാത്രിയിൽ യുവതിയുടെ ബന്ധുക്കൾ വീട്ടിലെത്തി ഇവരെ ബലം പ്രയോഗിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ലെന്ന് യുവാവ് പറയുന്നു. തുടർന്ന് ഇവർ വീയപുരം പോലീസിൽ പരാതി നൽകി.
16ന് കന്യാകുമാരി പോലീസുമായെത്തി ബന്ധുക്കൾ യുവതിയെ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് ഹരിപ്പാട് പോലീസ് എത്തി യുവതിയെ തിരികെ കൊണ്ടുപോകാൻ വഴിയൊരുക്കുകയായിരുന്നത്രേ. നാഗർകോവിൽ മജിസ്ട്രേറ്റ് മുന്പാകെ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ചാണ് യുവാവ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയത്.
അതേസമയം, കന്യാകുമാരി പോലീസ് എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തു മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കാൻ കൊണ്ടുപോയതെന്നാണ് ഹരിപ്പാട് പോലീസ് പറയുന്നത്.