ഔറയ്യ (ഉത്തർപ്രദേശ്): വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കാമുകനുമായി ചേർന്നു വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ മൂന്നുപേരേ പോലീസ് പിടികൂടി.
ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണു സംഭവം. ദിലീപ് എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ പ്രഗതി യാദവ്, കാമുകൻ അനുരാഗ് യാദവ് എന്നിവരും വാടകക്കൊലയാളിയുമാണു പിടിയിലായത്.
പ്രതികളായ പ്രഗതി യാദവും അനുരാഗ് യാദവും നാലു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, പ്രഗതിയുടെ മാതാപിതാക്കൾ ബന്ധത്തെ എതിർക്കുകയും ഈമാസം അഞ്ചിന് ദിലീപുമായി പ്രഗതിയെ നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയുംചെയ്തു.
തുടർന്നു ഭാര്യയും കാമുകനും ചേർന്നു ദിലീപിനെ കൊല്ലാൻ രാമാജി ചൗധരി എന്ന വാടകക്കൊലയാളിക്കു രണ്ടു ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ 19നാണ് ദിലീപിനെ വെടിയേറ്റനിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ മരിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കമിതാക്കളും വാടകക്കൊലയാളിയും പിടിയിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട രാമാജിയുടെ സഹായികൾ ഒളിവിലാണ്.