പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന യുവാവും കാമുകിയായ കോളജ് വിദ്യാര്‍ഥിനിയും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവതിയെ ചതിച്ചതാര് എന്ന ചോദ്യമുയരുന്നു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരുവരേയും പ്രവേശിപ്പിച്ചപ്പോള്‍ യുവതി പറഞ്ഞ ‘എന്നെ ചതിച്ചതാണ്’ എന്ന വാക്കിന്റെ പൊരുളറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇന്നലെ വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്.
ഇവിടെ താമസിക്കുന്ന കാസര്‍ഗോഡ് വെസ്റ്റ് എളേരിത്തട്ടിലെ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദ്(28), ബിരുദ വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരിയുമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ശിവപ്രസാദ് ജോലിക്ക് പോകാതെ അവധിയിലായിരുന്നു.
ഇന്നലെ ഹിന്ദി പരീക്ഷ അവസാനിക്കുന്നതിന് മുമ്പ് മൂന്നരയോടെ പരീക്ഷാഹാളില്‍നിന്ന് പുറത്തിറങ്ങിയ യുവതിയെ കാത്ത് സുഹൃത്തിന്റെ കാറുമായി ശിവപ്രസാദ് കോളജിന് സമീപത്തുണ്ടായിരുന്നു.
ഈ കാറിലാണ് ശിവപ്രസാദ് യുവതിയെ പയ്യന്നൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
പലവാഹനങ്ങളിലും തട്ടിയും മുട്ടിയുമുള്ള ഓട്ടത്തിനിടയില്‍ ആര്‍ടിഒ കൈകാണിച്ചിട്ടും നിര്‍ത്താതെയുള്ള യാത്രക്ക് ശേഷമാണ് വാടക വീട്ടിലെ ആത്മഹത്യാശ്രമം.
പാഴ്സല്‍ വാങ്ങിയ ബിരിയാണി കഴിക്കാനായി തുറന്നുവെച്ച നിലയിലായിരുന്നു.
മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നുവെന്നും ഇതുമൂലം കാമുകി-കാമുകന്മാര് മാനസിക സംഘര്ഷത്തിലായിരുന്നുവെന്നുമാണ് സൂചന.
ഒന്നിച്ചു ജീവിക്കാന്‍ പറ്റാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നിക്കട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്ത് സംഭവ സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
ശിവപ്രസാദ് എഴുതിയതെന്ന് കരുതുന്ന കത്തില്‍ ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലയെന്നും ഞങ്ങളോട് എല്ലാവരും ക്ഷമിക്കണമെന്നുമുണ്ട്.
അത്യാസന്ന നിലയില്‍ കണ്ടെത്തിയ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചശേഷം അബോധാവസ്ഥയിലാകുന്നതിന് മുമ്പ് എന്നെ ചതിച്ചതാണ് എന്നാണ് യുവതി പറഞ്ഞത്.
ഇതോടെ ചതിയുടെ പിന്നിലാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിവരമറിഞ്ഞയുടന്‍ ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലുള്ള ഇവരുടെ മൊഴിയെടുക്കാന്‍ സാധിക്കാതെ പോലീസിന് മടങ്ങേണ്ടി വന്നു.