മുംബൈ: ഒളിച്ചും പതുങ്ങിയുമൊക്കെയാണു പണ്ട് കമിതാക്കൾ പ്രണയലീലകളിൽ ഏർപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. ഒന്നിനും ഒരു മറ ഇല്ലെന്നു മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ പ്രണയചേഷ്ടകൾ പ്രചരിപ്പിക്കാനും മടിയില്ല. അടുത്തിടെയായി ഇതൊരു ട്രെൻഡ് ആയും മാറി.
കഴിഞ്ഞദിവസം മുംബൈയിലെ തിരക്കേറിയ ബാന്ദ്ര റിക്ലമേഷൻ റോഡിൽ കമിതാക്കൾ സ്കൂട്ടറിൽ നടത്തിയ പ്രണയയാത്ര വൻ വിവാദമായി. സ്കൂട്ടർ ഓടിക്കുന്ന യുവാവിന്റെ മടിയിലിരുന്നാണു യുവതിയുടെ യാത്ര. ഹെൽമറ്റ് ധരിക്കാതെ മുഖത്തോടു മുഖം നോക്കിയിരുന്നുള്ള ഈ യാത്രയിൽ ഇരുവരും പരസ്പരം ചുംബനങ്ങൾ നൽകുന്നു.
മറ്റുള്ളവർ കാണുന്നുണ്ടെന്നു മനസിലായിട്ടും അവർക്കൊരു കൂസലുമില്ലായിരുന്നു. ഓൺലൈനിൽ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനു കണ്ടില്ലെന്നു നടിക്കാനായില്ല. ഇരുവരെയും അറസ്റ്റ് ചെയ്ത പോലീസ്, സ്കൂട്ടർ കസ്റ്റഡിയിൽ എടുക്കുകയുംചെയ്തു.
അടുത്തിടെ രാജസ്ഥാനിലെ അജ്മീറിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുള്ള ദമ്പതികളുടെ ചുംബനദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റീജണൽ കോളജ് ക്രോസ്റോഡിൽനിന്നു നഗരത്തിലെ നൗസർ താഴ്വരയിലേക്ക് യാത്ര ചെയ്ത ദമ്പതികളാണു റോഡിൽ പ്രണയകേളികളിൽ ഏർപ്പെട്ടത്. ഇവർക്കെതിരേയും പോലീസ് നടപടി സ്വീകരിച്ചിരുന്നു.