ന്യൂഡൽഹി: പറക്കുന്നതിനിടെ ആകാശത്ത് വിമാനത്തിനുള്ളിൽ തമ്മിലടിച്ച രണ്ടു മുതിർന്ന പൈലറ്റുമാരെ ജെറ്റ് എയർവേസ് പുറത്താക്കി. ഫ്ളൈറ്റ് ക്യാപ്റ്റൻ ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിന്റെ മുഖത്തടിച്ചതാണ് പ്രശ്നമുണ്ടായത്. ജെറ്റ് എയർവേസിന്റെ 9 ഡബ്ള്യു 119 ലണ്ടൻ-മുംബൈ വിമാനത്തിലാണ് മുന്നൂറിലധികം യാത്രക്കാരുടെ ജീവൻ മുൾമുനയിൽ നിർത്തി ഫ്ളൈറ്റ് ക്യാപ്റ്റനും വനിതാ പൈലറ്റും തമ്മിലടിച്ചത്.
അടി കൊണ്ട വനിതാ കോ പൈലറ്റ് കോക്പിറ്റിൽനിന്നു കരഞ്ഞുകൊണ്ടു പുറത്തേക്കിറങ്ങിയതോടെയാണു മറ്റുവിമാന ജീവനക്കാർ സംഭവമറിഞ്ഞത്. ഇരുവരും തമ്മിൽ കോക്പിറ്റിനുള്ളിലുണ്ടായ വാക്കുതർക്കമാണ് അടിയിൽ കലാശിച്ചത്. ജനുവരി ഒന്നിനായിരുന്നു സംഭവം. അന്വേഷണത്തിനൊടുവിൽ രണ്ടു പൈലറ്റുമാരെയും ജെറ്റ് എയർവേസ് അടിയന്തരമായി സസ്പെൻഡ് ചെയ്തതായി വിമാനക്കന്പനി വക്താവ് അറിയിച്ചു.
അടി കൊണ്ട വനിതാ പൈലറ്റ് കോക്പിറ്റിനു പുറത്തേക്കിറങ്ങിയതിനു പിന്നാലെ ഇവരെ അകത്തേക്ക് തിരിച്ചയയ്ക്കണമെന്ന് പൈലറ്റ് മറ്റു ജീവനക്കാരോട് ആവശ്യപ്പെട്ടു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോ പൈലറ്റ് മടങ്ങാതിരുന്നതിനെത്തുടർന്ന് പൈലറ്റും കോക്പിറ്റിന് പുറത്തേക്കിറങ്ങി വന്നു. ഇതേസമയം വിമാനം ഓട്ടോ പൈലറ്റ് മോഡിലാണ് നീങ്ങിക്കൊണ്ടിരുന്നത്.
വിമാനം ലാന്ഡ് ചെയ്തപ്പോഴും ഇരു പൈലറ്റുമാരും വാക്കേറ്റം തുടർന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കോ പൈലറ്റിനെ തല്ലിയ പൈലറ്റിന്റെ ഫ്ളൈയിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. സംഭവം വിമാനസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. തുടർന്ന് സംഭവത്തിൽ ജെറ്റ് എയർവേസ് രണ്ടു പൈലറ്റുമാരെയും പുറത്താക്കുകയായിരുന്നു.
പൈലറ്റും കോ പൈലറ്റും അടുപ്പത്തിലായിരുന്നെന്നും തെറ്റിദ്ധാരണ മൂലമാണ് അടിയുണ്ടായതെന്നുമാണ് ജെറ്റ് എയർവേസ് വക്താവ് പറഞ്ഞത്. സംഭവം നടക്കുന്പോൾ രണ്ടു കുട്ടികൾ ഉൾപ്പെടെ വിമാനത്തിൽ 324 യാത്രക്കാരും 14 വിമാന ജീവനക്കാരും ഉണ്ടായിരുന്നു.