ചില പ്രണയങ്ങള്‍ ഒരിക്കലും മരിക്കില്ല. അത്തരമൊരു പ്രണയത്തിലെ കഥാനായകരാണ് റോബിന്‍സും ജെന്നിനും. ഇനി ഇവരുടെ പ്രണയത്തിലേക്ക് വരാം…1944-ല്‍ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. ജര്‍മ്മന്‍ പട കയ്യടക്കി വെച്ചിരുന്ന ഫ്രാന്‍സിനെ മോചിപ്പിക്കാന്‍ സഖ്യകക്ഷി സേനയുടെ ഭാഗമായിട്ടാണ്, കെ ടി റോബിന്‍സ് എന്ന ഇരുപത്തിമൂന്നുകാരനായ അമേരിക്കന്‍ സൈനികന്‍ വടക്കു കിഴക്കന്‍ ഫ്രാന്‍സിലെത്തുന്നത്. ബ്രൈയി എന്ന ചെറു പട്ടണം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ സൈനിക ബേസ്. അവിടെ വെച്ച് ജീവിതം യൗവ്വന തീക്ഷ്ണമായ ആ സമയത്ത്, നാടും വീടും ഉപേക്ഷിച്ചു കൊണ്ട്, തിരിച്ചു നാട്ടിലേക്ക് ജീവനോടെ പോവാന്‍ കഴിയുമോ എന്ന ഉറപ്പുപോലുമില്ലാതെ മറുനാടന്‍ മണ്ണിലെത്തുന്നത്.
നാസികളുടെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിക്കാനെത്തിയ സഖ്യസൈനികരെ സുന്ദരികളായ ഫ്രഞ്ച് വനിതകള്‍ ഏറെ ആരാധനയോടും നന്ദിയോടുമായിരുന്നു കണ്ടു കൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പതിനെട്ടുകാരിയായ ജെന്നിനും. ജെന്നിന്റെയും റോബിന്‍സിന്റെയും ഹൃദയങ്ങള്‍ ആ യുദ്ധകലുഷിതമായ ഭൂമിയില്‍ വെച്ച് അവരുടെ ഹൃദങ്ങള്‍ തമ്മില്‍ കൊരുത്തുപോയി. ആ പ്രണയത്തിന് അല്‍പ്പായുസായിരുന്നു. റോബിന്‍സിന് കിഴക്കന്‍ ഫ്രാന്‍സിലേക്ക് ചെല്ലാനുള്ള മൊബിലൈസേഷന്‍ ഓര്‍ഡറുകള്‍ കിട്ടിയത് പെട്ടെന്നായിരുന്നു. ജെന്നിനെ കണ്ടുപിടിക്കാനോ വിവരമറിയിക്കാനോ ഒന്നിനും നേരം കിട്ടാതെയുള്ള ഒരു പോക്കായിപ്പോയി അത്. യുദ്ധം തീര്‍ന്നതും അവിടെ നിന്നും റോബിന്‍സിനെ ആര്‍മി നാട്ടിലേക്കും വിട്ടു.
പിന്നീട് ഫ്രാന്‍സില്‍ വരാനോ, ജെന്നിനെ തപ്പിപ്പിടിക്കാനോ ഉള്ള സാഹചര്യം റോബിന്‍സിന് ജീവിതത്തിലുണ്ടായില്ല. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വിവാഹിതനായി. കുട്ടികളായി. ഏറെക്കുറെ സന്തോഷകരമായ ഒരു ജീവിതം തുടരുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ മനസ്സില്‍ ഈ പ്രണയം മായാതെ കിടപ്പുണ്ടായിരുന്നു. അതിന്റെ തെളിവായി ജെന്നിന്റെ ഒരു ഫോട്ടോ അദ്ദേഹത്തിന്റെ പഴ്സിലും. അങ്ങനെ വര്‍ഷങ്ങള്‍ എഴുപത്തഞ്ചു പിന്നിട്ടു. ഏതാനും ആഴ്ചകള്‍ക്കു മുമ്പായിരുന്നു അമേരിക്കയിലെ ഈ വര്‍ഷത്തെ ‘ഡി ഡേ’ ആനിവേഴ്സറി ആഘോഷങ്ങള്‍. അവിടെ വെച്ച് ‘ഫ്രാന്‍സ് 2’ എന്നൊരു ഫ്രഞ്ച് ചാനല്‍ യാദൃച്ഛികമായി റോബിന്‍സ് എന്ന ആ പഴയ വേള്‍ഡ് വാര്‍ വെറ്ററനെ ഇന്റര്‍വ്യൂ ചെയ്തു. അപ്പോള്‍ പറഞ്ഞു വന്ന കൂട്ടത്തില്‍ അദ്ദേഹം തന്റെ പഴയ ആ യുദ്ധകാല പ്രണയത്തെപ്പറ്റിയും പറഞ്ഞു. റോബിന്‍സിന് അപ്പോള്‍ വയസ്സ് 98 കഴിഞ്ഞിരുന്നു.
അത്ഭുതപ്പെടരുത്.., അദ്ദേഹത്തിന്റെ പേഴ്‌സില്‍ ഇപ്പോഴും ആ പഴയ പ്രണയത്തിന്റെ, ജെന്നിന്‍ എന്ന ആ പതിനെട്ടുകാരിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമുണ്ടായിരുന്നു. ഒപ്പം അന്നത്തെ ആ 23 കാരന്റെയും. അദ്ദേഹം ആ ചാനലുകാരോട് ഒരേയൊരു ആഗ്രഹം അറിയിച്ചു, ‘ ഇപ്പോഴും ജീവനോടുണ്ടോ എന്നറിയില്ല.. അഥവാ ഉണ്ടെങ്കില്‍ എനിക്ക് അവരെ ഒന്ന് തപ്പിടിച്ചു തരാമോ..? ‘ അദ്ദേഹത്തിന് നേരിട്ട് ഫ്രാന്‍സില്‍ പോവണമെന്നും ആളെ അന്വേഷിക്കണമെന്നും ഉണ്ടായിരുന്നു. എന്നാല്‍ അതുവരെ പോയിട്ട് അവര്‍ മരിച്ചു എന്ന് തിരിച്ചറിയുകയാണെങ്കിലോ എന്ന് ഭയന്ന് അദ്ദേഹം അതിനു മുതിര്‍ന്നിരുന്നില്ല.
എന്നാല്‍, അവിശ്വസനീയം എന്നു തന്നെ പറയാം, ആ ഫ്രഞ്ച് ജേര്‍ണലിസ്റ്റുകള്‍ ആ ഒരൊറ്റ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ബലത്തില്‍ ജെന്നിനെ കണ്ടെത്തി. ഇന്നവര്‍, 93 കാരിയായ ഒരു അമ്മൂമ്മയാണ്. ഇല്ല, മരിച്ചിട്ടില്ല റോബിന്‍സിന്റെ ജെന്നിന്‍..! ചാനലുകാര്‍ അവരെ ഇരുവരെയും ഒരുമിപ്പിച്ചു. ആ സമാഗമം ആരെയും കണ്ണീരണിയിക്കുകായും, അതേസമയം രോമാഞ്ചം കൊള്ളിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയായിരുന്നു. അവര്‍ക്കിരുവര്‍ക്കും പരസ്പരം തിരിച്ചറിയാനായി എന്നതാണ് ഏറെ ആശ്ചര്യജനകമായ വസ്തുത.
അന്നിയാളുടെ പട്ടാള ട്രക്കുകള്‍ സ്ഥലം വിട്ടു എന്നറിഞ്ഞപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ചാണ് വന്നത്.. അന്ന് ഒരുപാടു ദിവസത്തേക്ക് ഞാന്‍ ഇരുന്നു കരഞ്ഞിരുന്നു..’ നെഞ്ചിടിപ്പുകള്‍ അടക്കിക്കൊണ്ട് ജെന്നിന്‍ വെളിപ്പെടുത്തി. യുദ്ധം തീര്‍ന്നു. കാമുകനും പറയാതെ സ്ഥലം വിട്ടു. എന്നിട്ടും, അവള്‍ പ്രതീക്ഷ വിട്ടിരുന്നില്ല. അവള്‍ കഷ്ടപ്പെട്ട് കുറച്ച് ഇംഗ്ലീഷ് പഠിച്ചെടുത്തു. എന്നെങ്കിലും തന്റെ അമേരിക്കന്‍ കാമുകന്‍ തിരിച്ചു വരും എന്ന് അവള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു പിന്നെയും കുറേക്കാലം. ഒടുവില്‍ അവളും തന്റേതായ ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നു.
അവര്‍ക്കിരുവര്‍ക്കും തങ്ങളുടേതായ ജീവിതങ്ങളിലേക്ക് തിരിച്ചു പോവേണ്ടിയിരുന്നു. യാത്ര പറഞ്ഞിറങ്ങിപ്പോരുന്നേരം, റോബിന്‍സ് ജെന്നിനോട് ഒരിക്കല്‍ കൂടി പറഞ്ഞു, ‘ ജെന്നി.. ഐ ലവ് യു ഗേള്‍..’ ഇത്തവണ കൃത്യമായ ഒരു യാത്ര പറച്ചിലോടെത്തന്നെ അവര്‍ തമ്മില്‍ പിരിഞ്ഞു. കാലം അനുവദിക്കുമെങ്കില്‍ ഇനിയൊരിക്കല്‍ കൂടി കാണാം എന്ന് തമ്മില്‍ പറഞ്ഞ വാക്കോടെ. ലോകം മുഴുവന്‍ ആരാധനയോടെ കാണുകയാണ് ഇവരുടെ ഈ അനശ്വര പ്രണയത്തെ ഇപ്പോള്‍.