അന്പലപ്പുഴ: തകഴിയിൽനിന്നു കാണാതായ പത്തൊന്‍പതുകാരനും പതിനഞ്ചുകാരിയും പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. ഇന്നലെ പുലർച്ചെ രണ്ടോടെ ഓച്ചിറ പോലീസ് പിടികൂടിയ ഇവരെ അന്പലപ്പുഴ പോലീസിനു കൈമാറിയിരുന്നു. സ്റ്റേഷനിലെത്തിച്ചു കഴിഞ്ഞു പ്രഭാതകർമങ്ങൾക്കിടയിൽ പെണ്‍കുട്ടി ഛർദിച്ചതിനെത്തുടർന്ന് വനിതാ പോലീസ് വിവരങ്ങൾ ആരായുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
തങ്ങൾ വിഷം കഴിച്ചിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയതോടെ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിയെ കാണാതായതിനെത്തുടർന്നു കഴിഞ്ഞ ദിവസം ആണ്‍കുട്ടിയുടെ അച്ഛനും വിഷം കഴിച്ചിരുന്നു. ഇദ്ദേഹവും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നാലാം തീയതിയാണ് ഇവരെ കാണാതായത്. ഇവർ പൊള്ളാച്ചി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിൽ പോയ ശേഷം തൃശൂരിലെത്തി എലിവിഷം വാങ്ങിയിരുന്നു. അവിടെനിന്ന് ആണ്‍കുട്ടിയുടെ ബന്ധുവിന്റെ ഓച്ചിറയിലെ തട്ടുകടയിലെത്തി. ബന്ധു പോലീസിൽ വിവരമറിയിച്ചെന്നു മനസിലാക്കിയ ഇവർ ശീതളപാനീയത്തിൽ കൈയിൽ കരുതിയിരുന്ന എലിവിഷം കലക്കി കുടിക്കുകയായിരുന്നു.
ഇവർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് പുലർച്ചയോടെയാണ് ഇവരെ പിടികൂടി അന്പലപ്പുഴ പോലീസിനു കൈമാറിയത്. രാവിലെ ഒന്‍പതു മണിയോടെയാണ് അന്പലപ്പുഴ സ്റ്റേഷനിൽ ഇരുവരും കുഴഞ്ഞു വീണത്. ശീതളപാനീയത്തിൽ വിഷം ചേർത്തു കഴിച്ചെന്നു കുട്ടികൾ പോലീസിനോടു പറഞ്ഞു. ]
പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും വാർഡുകളിലേക്കു മാറ്റി. പത്താം ക്ലാസ് പഠനം കഴിഞ്ഞു നിൽക്കുകയാണ് പെൺകുട്ടി. സമീപവാസിയാണ് ആണ്കുട്ടിയെന്നു പോലീസ് പറഞ്ഞു.