കോട്ടയം: സഹപാഠിക്കൊപ്പം കറങ്ങാൻ പോയ പ്ലസ്ടു വിദ്യാർഥിനി മണിക്കൂറുകൾക്കുള്ളിൽ പോലീസ് വിരിച്ച വലയിൽ വീണു. വൈക്കത്താണ് സംഭവം. സ്കൂളിൽ പോയ പ്ലസ്ടു വിദ്യാർഥിനി തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സ്കൂളിലെത്തിയില്ല എന്ന വിവരം ലഭിച്ചത്.
അതേ സ്കൂളിലെ മറ്റൊരു വിദ്യാർഥിയും സ്കൂളിലെത്തിയില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ ഇവർ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് പോലീസ് നിഗമനത്തിൽ എത്തി. വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പോലീസ് സ്റ്റേഷനിൽ ലഭിച്ചയുടൻ ഒപ്പം കാണാതായ വിദ്യാർഥിയെക്കുറിച്ചും അന്വേഷിച്ചു.
പിന്നീട് വിദ്യാർഥിയുടെ വീട് കണ്ടെത്തി. അവിടെ പോലീസ് എത്തി വിവരങ്ങൾ ചോദിച്ചുകൊണ്ടിരുന്ന സമയത്ത് പെണ്‍കുട്ടിയും വിദ്യാർഥിയും സ്ഥലത്തെത്തി. നഗരം ചുറ്റിക്കറങ്ങിയ ശേഷം സഹപാഠിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. എന്തായാലും പോലീസ് പെട്ടെന്ന് ഇടപെട്ട് അന്വേഷണം നടത്തിയതിനാൽ പെണ്‍കുട്ടിയെ തിരികെ ലഭിച്ചു. കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ പെണ്‍കുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. ഇരുവർക്കും പ്രായപൂർത്തിയായിരുന്നില്ല.