മുണ്ടക്കയം ഈസ്റ്റ്: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വാൻ അപകടത്തിൽപ്പെട്ടു യുവാവിനും യുവതിക്കും പരിക്ക്. അപകടം ആത്മഹത്യാ ശ്രമമെന്ന് സൂചന. കണയങ്കവയൽ റോഡിൽ പാഞ്ചാലിമേട്ടിൽ ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്.
അപകടത്തിൽ പുത്തൻകുരിശ് മോനിപ്പള്ളി സ്വദേശികളായ മുല്ലശേരിയിൽ ബിജിൽ (30), തച്ചുക്കുഴി ബിൻസി (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ സമീപവാസിയാണ് ഇവർ അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ പഞ്ചായത്ത് മെംബറെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ യുവാവിന്റെ ഇരുകൈത്തണ്ടും യുവതിയുടെ ഒരു കൈത്തണ്ടും മുറിച്ചനിലയിൽ ഡോക്ടർമാർ കണ്ടു. തുടർന്ന് അപകടവിവരം അറിയിക്കുന്നതിനായി മേൽവിലാസം അന്വേഷിച്ചപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ യുവതിയുടെ ഭർത്താവ് നാലുദിവസം മുന്പ് പുത്തൻകുരിശ് പോലീസിൽ ഭാര്യയെ കാൺമാനില്ലെന്നു പരാതി നൽകിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
യുവതി നൽകിയ വിവരം അനുസരിച്ച് ബന്ധുക്കളോട് സംസാരിച്ചപ്പോൾ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നു പോലീസിനോടു പറഞ്ഞു. ഇവരുടെ ഉടമസ്ഥതയിൽ ഉള്ള ഐസ്ക്രീം കടയിലെ ജീവനക്കാരനാണ് പരിക്കേറ്റ ബിജിൽ. ഇന്നലെ വൈകുന്നേരം യുവതിയുടെ ഭർത്താവും ബന്ധുക്കളും പോലീസുമായി എത്തി ഇരുവരെയും നാട്ടിലേക്കുകൊണ്ടു പോയി.