കളമശേരി: ഏലൂരിൽ പ്രണയത്തെച്ചൊല്ലിയുള്ള തർക്കം രണ്ടു സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മാരകായുധങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലുംപെട്ട പത്തോളം പേർക്കു പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂർ ചൗക്ക മേഖലയിലാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായത്. യുവാവിന്റെയും യുവതിയുടെയും പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നം മുതിർന്നവർ ഏറ്റെടുത്തത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.
അറസ്റ്റിലായവരുടെ കൈയിൽനിന്നു കഠാര, വാക്കത്തി, ഇരുമ്പ് പൈപ്പ് എന്നിവ പിടിച്ചെടുത്തതായി എസ്ഐ അഭിലാഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇരുസംഘങ്ങളിലുംപെട്ട ഏതാനും പേർ ഒളിവിലാണെന്നും അവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.