ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി , തുഷാരയെ മാതാപിതാക്കളൊടൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
ഒന്നിച്ചുജീവിക്കുന്പോൾ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്നമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
നന്ദകുമാറിന് 21 വയസായില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം കേരള ഹൈക്കോടതി റദ്ദു ചെയ്തിരുന്നു. നന്ദകുമാർ തുഷാരയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
തുഷാരയെ ഹൈക്കോടതി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയും ചെയ്തു. ഇത് തള്ളിയാണ് ഇപ്പോൾ സുപ്രീം കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിൽപോലും വിവാഹിതരാകാതെ ഇവർക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇത്തരം തെരഞ്ഞെടുപ്പുകൾക്ക് അവകാശമുണ്ടെന്നും കോടതികൾക്ക് ഇവരുടെ പിതാവ് ചമയാൻ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.