ചാലക്കുടി: അതിരപ്പിള്ളിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു. മതിലകം സ്വദേശിയായ 21 കാരനും വെള്ളാങ്കല്ലൂർ സ്വദേശിനിയായ 15കാരിയുമാണ് കൈകളുടെ ഞരന്പു മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 5.30നാണ് അതിരപ്പിള്ളി പോലീസ് ഇവരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടിൽ വിവരമറിഞ്ഞതിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായി. ഇരുവരും ഇന്നലെ വൈകീട്ട് വീടുവിട്ടിറങ്ങി. ഇരിങ്ങാലക്കുട പോലീസ് പെണ്‍കുട്ടിയെ കാണാതായതിന് കേസെടുത്തിരുന്നു.
ഇന്നു പുലർച്ചെ അതിരപ്പിള്ളി വെറ്റിലപ്പാറയിൽവച്ച് കൈമുറിച്ചശേഷം ഇവർ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു പോലീസുകാരനെ വിളിച്ച് തങ്ങൾ മരിക്കാൻ പോകയാണെന്ന് അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് അതിരപ്പിള്ളി പോലീസിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി പോലീസ് ഇവരെ അന്വേഷിക്കുന്നതിനിടെയാണ് ഇവർ ബൈക്കിൽ അതിരപ്പിള്ളി ഭാഗത്തേക്കു വരുന്നത് കണ്ടത്. അമിതമായി ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.