കാസര്‍ഗോഡ്: ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത് കാമുകനൊത്തുമുള്ള ആഡംബര ജീവിതത്തിനെന്നു വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍.
നേരത്തേ ബേക്കലിലെ മറ്റൊരു വീട്ടില്‍ നിന്ന് ഇത്തരത്തില്‍ 9.5 പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചു കാമുകന് കൈമാറിയിരുന്നതായും പെണ്‍കുട്ടി മൊഴിനൽകി.
അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടില്‍ നിന്ന് 19.5 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ കോളജ് വിദ്യാര്‍ഥിനി കോട്ടിക്കുളത്തെ പ്രജിന (19)യെ കോടതി റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു ബേക്കല്‍ പോലീസിന് കൈമാറി. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനിയായ പ്രജിന ഇവിടുത്തെ ഫാസ്റ്റ്ഫുഡ് ഹോട്ടലില്‍ ജീവനക്കാരനായ കിരണുമായി (23) ചേര്‍ന്നാണ് “ഓപ്പറേഷനുകള്‍’ നടത്തിയത്.
വലിയവീട്ടിലെ കുട്ടിയാണെന്നാണ് താന്‍ കിരണിനെ പറഞ്ഞു ധരിപ്പിച്ചിരുന്നതെന്നും ഇയാള്‍ തന്നെ വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ചോദിക്കുമ്പോഴെല്ലാം സ്വര്‍ണവും പണവും തരപ്പെടുത്തി നല്‍കിയതെന്നും പ്രജിന പോലീസിനോട് വെളിപ്പെടുത്തി.
ആദ്യം കമ്മലൂരി നല്‍കിയിരുന്നു. പിന്നീട് 2019 ഡിസംബറില്‍ ബേക്കലിലെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ഇതിനുശേഷമാണ് സുനിലിന്റെ വീട്ടില്‍ നിന്ന് 19.5 പവന് സ്വര്‍ണം കൈക്കലാക്കിയത്.
അടുത്തിടെ പ്രസവിച്ച കുഞ്ഞിനെ കാണാനായി സുനിലിന്റെ വീട്ടിലെത്തിയ പ്രജിന വസ്ത്രംമാറുന്നതിനായി മുറിയിലേക്കു പോവുകയും അവിടെ താക്കോല്‍ അലമാരയില്‍ തന്നെ തൂക്കിയിരുന്നതായി കണ്ടപ്പോള്‍ അലമാര തുറന്ന് അതിനകത്തുണ്ടായിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു.
കേസില്‍ കിരണിനെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന. മോഷ്ടിച്ചു വിൽപ്പന നടത്തിയ സ്വര്‍ണത്തില്‍ 14.5 പവന് മംഗളൂരുവിലെ ഒരു കടയില്‍ നിന്ന് കണ്ടെടുത്തു.