കാസര്‍ഗോഡ്: മുംബൈയില്‍നിന്ന് വന്ന കാമുകിക്കൊപ്പം ക്വാറന്റൈനാകാന് കാസര്‍ഗോട്ടെ യുവാവ് ചെയ്തത് സിനിമാക്കഥയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നാടകം. നേപ്പാള്‍ സ്വദേശിനിയായ കാമുകിക്കൊപ്പം ചേര്‍ന്നാണ് യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം മെനഞ്ഞത്.
കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് നേത്രാവതി എക്സ്പ്രസില്‍ കോഴിക്കോട്ടെത്തിയതായിരുന്നു നേപ്പാള്‍ സ്വദേശിനിയായ യുവതി. ഗര്‍ഭിണിയായ താന്‍ ട്രെയിനില്‍ ഉറങ്ങിപ്പോയെന്നും ഭര്‍ത്താവ് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും യുവതി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കാസര്ഗോട്ടെത്തണമെന്ന് പറഞ്ഞു യുവതി ബഹളംവച്ചതോടെ പോലീസ് കാര്‍ ഏര്‍പ്പാടാക്കി കാസര്‍ഗോട്ടേക്ക് യാത്രയാക്കി.
കാസര്ഗോട്ടുള്ള യുവാവിന്റെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കാര്‍ ഡ്രൈവര്‍ക്ക് യുവാവ് വിശദമായ വഴിയും പറഞ്ഞുകൊടുത്തു.
കാര്‍ കാസര്‍ഗോട്ട് എത്താറായതോടെ ഡ്രൈവറെ യുവാവ് ഫോണില്‍ വിളിക്കുകയും വഴിയില്‍ രണ്ടുപേര്‍ കാത്തുനില്ക്കുമെന്നും യുവതിയെ അവര്‍ക്കൊപ്പം വിടണമെന്നും അറിയിക്കുകയും ചെയ്തു.
എന്നാല്‍ യുവതിയുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കാമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പുത്തൂര്‍ കടവത്ത് റോഡിനടുത്തെത്തിയപ്പോള്‍ ഒരു യുവാവ് കൈകാണിച്ച് കാര്‍ നിര്‍ത്തിക്കുകയും യുവതിയെ ഇറക്കുകയും ചെയ്തു.
തുടര്‍ന്നു കുറച്ചുപണം കാറിനുള്ളിലേക്കിട്ട് യുവാവും യുവതിയും ഓടിപ്പോയി. ഡ്രൈവര്‍ പിറകെ ഓടിയതോടെ മറ്റൊരു യുവാവെത്തി യുവതിയുടെ കാറിനകത്തുണ്ടായിരുന്ന ഹാന്‍ഡ് ബാഗെടുത്ത് സ്ഥലംവിട്ടു.
ഇതേത്തുടർന്ന് കാര്‍ ഡ്രൈവര്‍ പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസ് ഇടപെട്ടു. കാസര്‍ഗോഡ് സിഐയുടെ നേതൃത്വത്തില്‍ ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
ഒടുവില്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് ഇരുവരെയും പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിഞ്ഞു.
ക്വാറന്റൈന് കേന്ദ്രത്തില്‍ ഒപ്പം താമസിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്തതോടെ യുവാവ് സംഭവം വിവരിച്ചു.
യുവാവിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു ഈ യുവതി. ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞതോടെ യുവതിയെ യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞുവിട്ടു.
എന്നാല്‍ ഇരുവരും ഫോണിലൂടെ ബന്ധം തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് താന്‍ കേരളത്തിലേക്ക് വരുന്നതായി യുവതി യുവാവിനെ ഫോണില്‍ അറിയിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ തിരക്കഥ തയാറാക്കിയത്.
യുവതിയെ തന്റെ കുടുംബം വീട്ടില്‍ കയറ്റില്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുമെന്നും തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ രണ്ടുപേര്‍ക്കും അവിടെ ഒരുമിച്ചു കഴിയാമെന്നുമായിരുന്നു യുവാവ് കണക്കുകൂട്ടിയത്.
എന്നാല്‍ പോലീസ് ഇടപെടല്‍ നേപ്പാള്‍ സ്വദേശിനിയെയും യുവാവിനെയും രണ്ടിടങ്ങളിലായി നിരീക്ഷണത്തിലാക്കി. യുവതിയുമായി അടുത്ത് ഇടപഴകിയതിനാലാണ് യുവാവിനെയും നിരീക്ഷണത്തിലേക്ക് മാറ്റിയതെന്ന് പോലീസ് പറഞ്ഞു.