തലശേരി: തലശേരി സ്വദേശിനിയായ വിദ്യാർഥിനി കൊച്ചിയിലെ ലഹരിമാഫിയയുടെ പ്രണയക്കുരുക്കിൽ.
രക്ഷപെടുത്താൻ എറണാകുളം തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസും തലശേരി പോലീസും നടത്തിയ ശ്രമം പെൺകുട്ടിയുടെ നിലപാട് മൂലം പരാജയപ്പെട്ടു.
കൊച്ചി തേവര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമാഫിയയുടെ പ്രണയക്കുരുക്കിലാണ് ഇരുപതുകാരിയായ പെൺകുട്ടി അകപ്പെട്ടിട്ടുള്ളത്.
എൻട്രൻസ് കോച്ചിംഗ് സെന്ററിലെ പരിശീലനത്തിനിടയിലാണ് പെൺകുട്ടി ലഹരി മാഫിയ തലവന്റെ കെണിയിൽ പെട്ടത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.
യുവാവ് നിരവധി കേസുകളിലെ പ്രതി
തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയായ യുവാവിനോടൊപ്പം കോട്ടയത്ത് വച്ചാണ് പോലീസ് യുവതിയെ കണ്ടെത്തിയത്.
അമ്മ മരണപ്പെടുകയും അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിട്ടുള്ള യുവാവിന്റെ താമസം ഇപ്പോൾ കൊച്ചിയിലെ ഭിന്നലിംഗക്കാർക്കൊപ്പമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാന്പ് ഉൾപ്പെടെ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന യുവാവ് ദിവസവും ഒൻപത് മണിക്കൂറോളം ലഹരിയിലാണെന്ന വിവരവും പോലീസിനു ലഭിച്ചു.
പ്രണയിക്കുക,
സംഘത്തിൽ ചേർക്കുക
യുവാവിന്റെ പശ്ചാത്തലം മനസിലാക്കിയ വീട്ടുകാരും പോലീസും പെൺകുട്ടിയെ ഏറെ നേരം ഉപദേശിച്ചിട്ടും പെൺകുട്ടി മാതാപിതാക്കൾക്കൊപ്പംവീട്ടിലേക്കു മടങ്ങാൻ തയാറായില്ല.
മാതാപിതാക്കളും സഹോദരങ്ങളും മുത്തച്ഛനും മുത്തശിയും ഉൾപ്പെടെ കരഞ്ഞ് അപേക്ഷിച്ചിട്ടും വീട്ടിലേക്ക് മടങ്ങാൻ തയാറാക്കാത്ത പെൺകുട്ടി ഒടുവിൽ യുവാവിനോടൊപ്പം കൊച്ചിയിലേക്ക് തന്നെ പോയി.
പെൺകുട്ടികളെ പ്രണയിച്ച് വലയിൽ വീഴ്ത്തി തങ്ങളുടെ സംഘത്തിൽ ചേർക്കുക ഈ ലഹരി മാഫിയയുടെ പതിവാണെന്നു കൊച്ചി പോലീസ് തലശേരി പോലീസിനു നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
യുവാവ് ലഹരിക്കടിമയാണെന്നതും ലഹരി വില്പനക്കാരനാണെന്നതും തനിക്ക് അറിയാമെന്നും അയാളെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് യുവതിയുടെ നിലപാട്.