പാലാ: പരീക്ഷകഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപ്പെടുത്തണമെന്നു കരുതിയല്ല താൻ വന്നതെന്നു പ്രതി അഭിഷേകിന്റെ മൊഴി.
വൈക്കം കളപ്പുരയ്ക്കൽ നിതിന മോൾ (22) ആണ് ഇന്നു ദാരുണമായി സഹപാഠിയുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്.
രണ്ടു വർഷമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും എന്നാൽ അടുത്ത കാലത്തായി നിതിനമോൾ അകൽച്ച കാണിച്ചതായും പ്രതി പോലീസിനോടു പറഞ്ഞു.
രണ്ടു ദിവസം മുന്പ് നിതിനയുടെ മൊബൈൽഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോൺ തിരികെ നൽകാൻ എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടി പരീക്ഷയ്ക്കു കയറിയ സമയം പ്രതി പുറത്ത് എത്തിയിരുന്നു. പരീക്ഷ തീരുംവരെ കാത്തിരുന്ന ശേഷമാണ് പെൺകുട്ടിയെ കണ്ടത്.
അമ്മയുമായി പെൺകുട്ടി ഫോണിൽ സംസാരിക്കേവേയാണ് പ്രതി ആക്രമിച്ചത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞിരിക്കുന്നത്. കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി പറഞ്ഞു.
പിന്നെ എന്തിനാണ് കൈയിൽ ആയുധം സൂക്ഷിച്ചിരുന്നതെന്നു പോലീസ് ചോദിച്ചപ്പോൾ അതു സ്വയം കൈയിൽ മുറവേല്പിച്ചു നിതിനമോളെ ഭയപ്പെടുത്താനാണ് കത്തിയും കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി.
പിന്നെ എങ്ങനെയാണ് സംഭവം കൊലപാതകത്തിൽ എത്തിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് ഒാടിപ്പോകാനോ രക്ഷപ്പെടാനോ ശ്രമിക്കാതെ സമീപത്തെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന നിലയിലാണ് പ്രതിയെ ഒാടിയെത്തിവർ കണ്ടത്. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥികളാണ് ഇരുവരും.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് നിതിന പുറത്തിറങ്ങുന്നതും കാത്ത് അഭിഷേക് സ്ഥലത്ത് കാത്തിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
മുൻകൂട്ടി തീരുമാനിച്ചപോലെ കത്തിയും ഇയാൾ കൈയിൽ കരുതിയിരുന്നു. പതിവ് അധ്യയന ദിവസമല്ലാതിരുന്നതിനാൽ കാമ്പസിൽ വിദ്യാർഥികളും നന്നേ കുറവായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിതിനയെയാണ്. തൊട്ടടുത്തു കൂസലില്ലാതെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികൾ പറയുന്നു.
സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവ വ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി.
മാരകമായി മുറിവേറ്റ നിതിനയെ ഉടൻതന്നെ കാമ്പസിലുണ്ടായിരുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.