നാഗ്പുർ: ലൈംഗിക ഉത്തേജനത്തിനായി മദ്യത്തിനൊപ്പം രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച യുവാവ് മരിച്ചു.
ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ഉദ്ധരിച്ച് ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്.
വനിതാ സുഹൃത്തുമായി ഹോട്ടലിൽ എത്തിയ യുവാവ് 50 മില്ലിഗ്രാമിന്റെ രണ്ട് ഗുളികകളാണ് കഴിച്ചത്. മദ്യത്തോടൊപ്പമാണ് ഗുളികകൾ കഴിച്ചത്.
അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞു.
എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽപോകാൻ തയാറായില്ല. നില വഷളാകാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചു.
തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യത്തിനൊപ്പം മരുന്ന് കഴിച്ചതും ഉയർന്ന രക്തസമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.