പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തുവാൻ ഒരു യുവാവ് സ്വീകരിച്ച മാർഗമാണ് നവമാധ്യമങ്ങളിൽ ഏറെ ആശ്ചര്യവും അമ്പരപ്പുമുളവാക്കുന്നത്. ചിക്കാഗോ സ്വദേശിയായ ബോബ് ലംബാ എന്ന യുവാവാണ് ഈ സാഹസത്തിനു പിന്നിൽ. തന്റെ പെണ്‍സുഹൃത്തായ പെഗ്ഗി ബേക്കറിനോടാണ് ബോബ് വിവാഹാഭ്യർഥന നടത്തിയത്.
ഇവിടെയുള്ള പ്രശസ്തമായ മാഗി ഡാലെ പാർക്കിനു സമീപമാണ് പെഗ്ഗി ജോലി ചെയ്യുന്ന ഓഫീസ്. കെട്ടിടത്തിലെ 37-)മത്തെ നിലയിലാണ് മാഗിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും നോക്കിയാൽ മഞ്ഞ് മൂടിക്കിടക്കുന്ന പാർക്കിന്റെ വിശാലമായ ദൃശ്യം വളരെ വ്യക്തമായി കാണുവാൻ സാധിക്കും.
ഈ മഞ്ഞിലാണ് ബോബ് അത്ഭുതം സൃഷ്ടിച്ചത്. “മാരി മീ’ എന്ന് മഞ്ഞിൽ വലിയ അക്ഷരത്തിൽ എഴുതിയാണ് ബോബ് പെഗ്ഗിയോട് വിവാഹാഭ്യർഥന നടത്തിയത്. 45 അടി നീളത്തിലും 31 അടി വീതിയിലുമായി ഈ വാക്ക് എഴുതാൻ ആറ് മണിക്കൂറാണ് ബോബ് ചെലവഴിച്ചത്.
പാർക്കിൽ ആരോ ഒരാൾ ദീർഘനേരമായി എന്തോ ചെയ്യുന്നുണ്ടെന്ന് കൂടെ ജോലി ചെയ്യുന്നവർ പറഞ്ഞ് അറിഞ്ഞിരുന്നുവെന്നും എന്നാൽ അത് എനിക്കു വേണ്ടി തയാറാകുന്നതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പെഗ്ഗി പറഞ്ഞു. ബോബിന്റെ വിവാഹാഭ്യർഥന പെഗ്ഗി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
മാഗി ഡാലെ പാർക്കിന്റെ അധികൃതരാണ് വിവാഹാഭ്യർഥനയെക്കുറിച്ച് ചിത്രമുൾപ്പടെ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.