പയ്യന്നൂര്‍: പ്രണയം അസ്ഥിക്കുപിടിച്ചാല്‍ ചിലര്‍ അങ്ങിനെയാണ്. കാമുകി പിന്മാറിയാലും സെന്റിയടിച്ച് പിന്നാലെ കൂടും.
എന്നാല്‍, കാമുകനോടൊപ്പം മനസു പങ്കുവെച്ച് അടുത്തറിയുമ്പോള്‍ ഇയാളത്ര പോരാ എന്ന തിരിച്ചറിവില്‍ പല കാമുകിമാരും പ്രണയത്തിന് ഫുള്സ്റ്റോപ്പിടാറുണ്ട്.
അപ്പോഴാണ് തന്റെ സങ്കടം കണ്ടിട്ട് കാമുകിക്ക് മനംമാറ്റമുണ്ടായാലോയെന്ന ചിന്തയില്‍ സെന്റിയായി കാമുകന് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാമുകന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ സംഭവം.
പതിവായി കാണുവാന്‍ തുടങ്ങിയപ്പോഴാണ് കാസര്‍ഗോഡ് ജില്ലയിലെ യുവാവും യുവതിയും മനസ് പങ്കുവെച്ചു തുടങ്ങിയത്.
പിന്നീടത് പ്രണയമായി വളര്‍ന്നു പന്തലിച്ചു. 21-കാരിയും കോളജ് വിദ്യാര്‍ഥിനിയുമായ കാമുകിയെ ഒരു ദിവസംപോലും കാണാന്‍ പറ്റാതെയായ കാമുകന് അതിനായി സമയം നീക്കിവയ്ക്കാനും തുടങ്ങി.
ഊണിലും ഉറക്കത്തിലും കാമുകി പൂത്തുലഞ്ഞ് നില്ക്കാന് തുടങ്ങി. എന്നാല്‍, ശരീരത്തോടൊപ്പം മനസും ഉറക്കാന്‍ തുടങ്ങിയപ്പോഴാണ് കാമുകനത്ര പോരായെന്ന ചിന്ത കാമുകിയില്‍ വളര്‍ന്നത്.
ഈ ചിന്ത പ്രണയമരത്തിനേക്കാളും വളര്‍ന്നപ്പോള്‍ മെല്ലെ അകലാന്‍ തുടങ്ങി. കാത്തുനില്ക്കാറുള്ള കാമുകന്റെ കണ്ണുവെട്ടിച്ചായി പിന്നെ കോളേജ് യാത്ര.
ഒരുപാട് ചാറ്റിംഗുകള്‍ നടത്തിയ ഫോണ്‍ കാണുന്നതേ വെറുപ്പായി. തന്നെ പെരുവഴിയിലാക്കിയുള്ള കാമുകിയുടെ കാലുമാറ്റം മനസിലാക്കിയ കാമുകന് രണ്ടും കല്പിച്ചാണ് കഴിഞ്ഞ ദിവസം പയ്യന്നൂരിന് സമീപത്തെ കോളജ് സറ്റോപ്പിലെത്തിയത്.
കാലുമാറിയ കാമുകിയെ കണ്ടതേ സങ്കടം അണപൊട്ടിയൊഴുകി. ഇതൊന്നും കാണാത്ത ഭാവത്തില്നിന്ന കാമുകിയുടെ കൈപിടിച്ചാണ് പിന്നീടിയാള്‍ സെന്റിയായത്.
കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ പിടിത്തം മുറുകിയത് ഇയാളറിഞ്ഞുമില്ല. കാരണം അവസാനവട്ട പ്രണയപോരാട്ടത്തിന്റെ മണിമുഴക്കമായിരുന്നു കണ്ണിലും കരളിലും.
മുൻപേ മനസില്‍നിന്നും കുടിയിറക്കിവിട്ട കാമുകന്റെ ശല്യം അവസാനിപ്പിക്കാതെ മറ്റു ഗതിയില്ല എന്ന തിരിച്ചറിവിലാണ് തനിക്ക് മാനഹാനി വരുത്തിയ മുന്‍കാല കാമുകനെതിരെ യുവതി പോലീസില്‍ പരാതിപ്പെട്ടത്.
ഇതോടെ കാമുകി പിന്മാറിയിട്ടും വിടാന്‍ കൂട്ടാക്കാതിരുന്ന കാമുകന്റെ പേരില്‍ യുവതിയെ കടന്നുപിടിച്ചതിനും മാനഹാനിക്കിടയാക്കിയതിനും കേസുമായി.