കോഴിക്കോട്: കോളജ് വിട്ടാല്‍ പിന്നെ കാമ്പസിനു പുറത്ത് ചുറ്റിത്തിരിയേണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സദാചാരന്മാര് രംഗത്ത്.
കോഴിക്കോട്ടെ ഫറൂഖ് കോളജിനു മുന്‍പിലാണ് മുന്നറിയിപ്പുമായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
വൈകുന്നേരം അഞ്ചിനു ശേഷം വിദ്യാര്‍ഥികള്‍ ചുറ്റിതിരിയുകയോ സംസാരിച്ചുനില്ക്കുകയോ ചെയ്താല്‍ പിടിവീഴുമെന്നാണ് മുന്നറിയിപ്പ്.
ഫറൂഖ് കോളജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലുള്ളതാണ് ഫ്ളെക്സ് ബോര്‍ഡുകള്‍. കോളജിന്റെ പ്രധാന ഗേറ്റിനു സമീപത്തായി മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും അക്രമത്തില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഇടപെടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇതിനാല്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഇടപെടുമെന്നാണ് മുന്നറിയിപ്പ്.
ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണെന്നും ബോര്‍ഡിലുണ്ട്.
അതേസമയം ഇതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.