ടോക്കിയോ: ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയ്നിലൂടെ ഇന്ത്യക്ക് വെങ്കലം. 64-69 കിലോ വിഭാഗം സെമിയിൽ പരാജയപ്പെട്ടതോടെ ലവ്ലിനയുടെ പോരാട്ടം വെങ്കലത്തിളക്കത്തിൽ അവസാനിച്ചു.
ലോകചാമ്പ്യൻ തുർക്കിയുടെ ബുസെനാസ് സൂർമെനേലിയാണ് ലവ്ലിനയെ പരാജയപ്പെടുത്തിയത്. മൂന്ന് റൗണ്ടുകളിലും ഇന്ത്യൻ താരത്തിനു മേൽ വ്യക്തമായ മേൽക്കൈ നേടിയാണ് ബുസെനാസ് ഫൈനൽ ടിക്കറ്റ് നേടിയത്.
ഒമ്പത് വർഷത്തിനു ശേഷമാണ് ഒളിമ്പിക്സ് ബോക്സിംഗ് റിംഗിൽ ഇന്ത്യ മെഡൽ കണ്ടെത്തുന്നത്. മേരികോമിനു ശേഷം ഇന്ത്യക്കായി മെഡൽ നേടുന്ന വനിതാ താരമായി ലവ്ലിന. 2008 ൽ വിജേന്ദർ സിംഗും 2012 ൽ മേരി കോമും ഒളിമ്പിക് ഇടിക്കൂട്ടിൽനിന്നും മെഡൽ നേടിയിരുന്നു.