ഗാന്ധിനഗർ: വിവാഹ അഭ്യർഥന നിഷേധിച്ചതിനെ തുടർന്ന് കാമുകന്റെ വീട്ടിലെത്തി കൈ ഞരന്പു മുറിച്ചു കാമുകിയുടെ ആത്മഹത്യാശ്രമം.
ഗുരുതരാവസ്ഥയിലായ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്പാവൂർ കുറുപ്പംപടി പോലീസ് സ്റ്റേഷൻ തിർത്തിയിൽപ്പെട്ട 28കാരിയാണ് കൈ ഞരന്പ് മുറിച്ചത്.
യുവതിയുടെ ബന്ധുക്കൾ എത്താത്തതിൽ ആകെ വലഞ്ഞ് കാമുകൻ. രണ്ടു വർഷം മുന്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെരുന്പാവൂർ തടിയിട്ട പറന്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട യുവാവുമായി യുവതി അടുപ്പത്തിലായത്.
യുവതി ബ്യൂട്ടീഷൻ ജീവനക്കാരിയും യുവാവ് വർക്ക്ഷോപ്പ് ജീവനക്കാരനുമാണ്. ചാറ്റിംഗിൽ ആരംഭിച്ച ബന്ധം പിന്നീട് തീവ്രമായി മാറുകയായിരുന്നു.
ഇതിനിടയിൽ യുവതി വിവാഹ അഭ്യർഥന നടത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൻസ് ഡേയിൽ യുവാവിന്റെ പെരുന്പാവൂരിലെ വീട്ടിലേക്ക് കാമുകിയെത്തി.
യുവതി പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ വിവാഹം കഴിക്കുവാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നു യുവാവ് കാമുകിയെ അറിയിച്ചു.
രാത്രിയായിട്ടും യുവതി തിരികെ പോകാതിരുന്നതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും പോലീസും ഇടപെട്ട് യുവതിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞു വിട്ടു.
ഇന്നലെ രാവിലെ യുവതി വീണ്ടും യുവാവിന്റെ വീട്ടിലെത്തി വിവാഹ അഭ്യർഥന നടത്തിയെങ്കിലും യുവാവും മാതാപിതാക്കളും മുൻ നിലപാട് ആവർത്തിച്ചു.
തുടർന്ന് കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് യുവതി സ്വന്തം വലതു കൈയിലെ ഞരന്പ് മുറിക്കുകയായിരുന്നു.
ചോര വാർന്ന യുവതിയെ ഉടൻ തന്നെ യുവാവ് കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു.
ശസ്ത്രക്രിയ നടത്തുവാൻ യുവതിയുടെ ബന്ധുക്കൾ എത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഡോക്ടർമാരെന്ന് യുവാവ് പറയുന്നു.