കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്നതിനിടെ ആശ്വാസമായി പുതിയ പഠനങ്ങള്‍. കണ്ണീരിലൂടെ വൈറസ് പടരില്ലെന്നാണ് പുതിയ പഠനം. ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയുണ്ടെന്ന സംശയം നിലനില്‍ക്കെയാണ് പുതിയ ഗവേഷണഫലം എന്നതു പ്രാധാന്യമര്‍ഹിക്കുന്നു.
രോഗിയുടെ ഉമിനീരിന്റേയും കഫത്തിന്റേയും കണങ്ങളിലുടെ വൈറസ് പകരുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
ഈ സ്രവകണങ്ങളിലൂടെ രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസിന് നിശ്ചിതസമയം വരെ പ്രവര്‍ത്തനക്ഷമമായിരിക്കാനും സാധിക്കും. ഇതിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കാനിടയാകുകയും ചെയ്യും.
എന്നാല്‍ കണ്ണീരിലൂടെ ഇത് അസാദ്ധ്യമാണെന്ന് ഒഫ്താല്‍മോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ്-19 ബാധിതരില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ രോഗികളില്‍ ചെങ്കണ്ണ് ഉണ്ടാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നുണ്ടെങ്കിലും പഠനം നടത്തിയ രോഗികളില്‍ ആര്‍ക്കും ചെങ്കണ്ണുണ്ടായിരുന്നില്ല.
സിംഗപൂരിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന് കണ്ണീര് ശേഖരിച്ചാണ് പഠനം നടത്തിയത്.
രോഗലക്ഷണം കണ്ടെത്തിയ സമയം മുതല്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത് വരെ ഇവരില്‍ നിന്ന് ദിവസനവും കണ്ണീര് ശേഖരിച്ച് പഠനം നടത്തിയിരുന്നു.
ഇക്കാലയളവില്‍ ഇവരുടെ കണ്ണീരില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവങ്ങളില്‍ വൈറസ് ഉണ്ടായിരുന്നു.
ഈ പുതിയ കണ്ടെത്തല്‍ കൊറോണ വൈറസ് പ്രതിരോധ ഗവേഷണങ്ങള്‍ക്ക് സഹായകമാവുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.