കോട്ടയം: കോട്ടയം ഡിപ്പോയിലെ 10 കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നാലെണ്ണവും കട്ടപ്പുറത്ത്. ബസുകൾ കട്ടപ്പുറത്തായിട്ട് ഒരു മാസത്തിലേറെയായി. ചില്ലു തകർന്നും എൻജിൻ, മെക്കാനിക്കൽ തകരാർ മൂലമാണ് നാലു ബസുകളും ഗാരേജിൽ കയറിയത്. കളമശേരിയിലെ വോൾവോ ബസുകളുടെ സർവീസ് സെന്ററിൽനിന്നു മെക്കാനിക്കുകൾ എത്തി വാഹനങ്ങൾ യഥാസമയം സർവീസ് ചെയ്യാത്തതാണ് ആഴ്ചകളായി ബസുകൾ ഗാരേജിൽ വിശ്രമിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
വശങ്ങളിലെ ചില്ലു തകർന്നു വിശ്രമത്തിലായ ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് മാറുന്നതിനു 30,000 രൂപയിലേറെ ചെലവു വരുമെന്ന് അധികൃതർ പറയുന്നു. വാഹനങ്ങൾ തകരാറിലായ വിവരം ആഴ്ചകൾക്കു മുന്‍പേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരിക്കേയാണു കോട്ടയം ഡിപ്പോയിലേക്കു 10 എസി ലോ ഫ്ലോർ ബസുകൾ അനുവദിച്ചത്. എറണാകുളം, തിരുവന്തപുരം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ബസുകളുടെ സർവീസ്. നോണ്‍ എസി ബസുകളുടെ സർവീസും പലപ്പോഴും മുടങ്ങുന്നതായി പരാതിയുണ്ട്.
ഡ്രൈവർമാരുടെ അഭാവവും ബസുകളുടെ തകരാറുംമൂലം ആറു നോണ്‍ എസി ബസുകളിൽ രണ്ടെണ്ണം പതിവായി മുടങ്ങാറുണ്ട്. പല ബസുകളിലും ജീവനക്കാരുടെ അമിതജോലിഭാരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോട്ടയം- പഞ്ചിക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ഒരു ഡ്രൈവർ മാത്രമാണുള്ളത്. തുടർച്ചയായ രണ്ടു രാത്രികളിൽ ഒരേ ഡ്രൈവർ തന്നെ ബസ് ഓടിക്കണം. ഇത്തരം ബസുകളിൽ കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടിയിൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.