കാസര്‍ഗോഡ്: പിഎസ്സി പരീക്ഷയില്‍ മൈനസ് മാര്‍ക്ക് നേടിയവര്‍ക്കും സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ അധ്യാപകരാകാം. വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നില്ക്കുന്ന ഏതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലല്ല; പൊതുവിദ്യാഭ്യാസമേഖലയുടെ നവോത്ഥാനത്തിനായി കോടികള്‍ ചെലവഴിക്കുന്ന കേരളത്തില്‍ തന്നെ.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രസിദ്ധീകരിച്ച എല്‍പി സ്കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പിഎസ്സി റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിച്ചത് പിഎസ് സിയുടെ എഴുത്തുപരീക്ഷയില്‍ ഇരുപതും പത്തും തുടങ്ങി മൈനസ് മാര്‍ക്കു വരെ നേടിയവരാണ്.
എല്ലാവര്ക്കും ഇന്റര്‍വ്യൂവില്‍ പത്തും പന്ത്രണ്ടും മാര്‍ക്കു നല്‍കിയാണ് യോഗ്യതാ മാനദണ്ഡം കടത്തിവിട്ടത്. ആകെ നൂറു മാര്‍ക്കില്‍ മുപ്പതിനു മുകളിലെങ്കിലും നേടിയവര്‍ മെയിന്‍ ലിസ്റ്റില്‍ കയറിയപ്പോള്‍ സപ്ലിമെന്ററി പട്ടികകളിലാണ് പേരിന് പരീക്ഷ എഴുതിയവരെപ്പോലും ഉള്‍ക്കൊള്ളിക്കേണ്ടി വന്നത്. 65 നും 70 നും ഇടയിലാണ് പരമാവധി മാര്‍ക്ക്.
എഴുത്തുപരീക്ഷയില്‍ മൈനസ് ഒന്നു മുതല്‍ 29 വരെ മാര്‍ക്ക് നേടിയവരാണ് കാസര്‍ഗോഡ് ജില്ലയിലെ മലയാളം മീഡിയം എല്‍പിഎസ്എ റാങ്ക് ലിസ്റ്റിന്റെ സപ്ലിമെന്ററി പട്ടികയില്‍ ഉള്ളത്. ഒന്നും രണ്ടും മൂന്നുമൊക്കെ മാര്‍ക്ക് വാങ്ങിയവര്‍ കൂട്ടത്തിലുണ്ട്. എല്ലാവര്ക്കും ഇന്റര്‍വ്യൂവില്‍ പത്തിനടുത്ത മാര്‍ക്ക് നല്‍കിയാണ് ആകെ മാര്‍ക്കിനെ ഇരട്ട അക്കത്തില്‍ എത്തിച്ചിരിക്കുന്നത്. മൈനസ് ഒരു മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥിക്ക് ഇന്റര്‍വ്യൂവില്‍ 11 മാര്‍ക്ക് നല്കി ആകെ 10 മാര്‍ക്ക് ലഭിച്ചതായാണ് കാണിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റ് കുറച്ചധികം നാള് നിലനിന്നാല്‍ സംവരണ തസ്തികകളുടെ റൊട്ടേഷന്‍ വരുമ്പോള്‍ ഇതില്‍ മിക്കവര്‍ക്കും നിയമനം ലഭിക്കാനും സാധ്യതയുണ്ട്. കന്നഡ മീഡിയം എല്‍പിഎസ്എ റാങ്ക് പട്ടികയിലും സപ്ലിമെന്ററി വിഭാഗത്തില്‍ ഒന്നും മൂന്നുമൊക്കെ മാര്‍ക്ക് കിട്ടിയവര്‍ ഇടം പിടിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ എല്‍പിഎസ്എ പട്ടികയിലും മൈനസ് മാര്‍ക്കുകാര്‍ ഇല്ലെങ്കിലും ഒരു മാര്‍ക്ക് മുതല്‍ നേടിയവര്‍ സ്ഥാനം നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പട്ടികയില്‍ ഒന്നുകൂടി മുന്നോട്ടുപോയി മൈനസ് മൂന്നു മാര്‍ക്ക് വാങ്ങിയവര്‍ വരെയുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ റാങ്ക് പട്ടികയിലും ഒറ്റയക്ക മാര്ക്കുകാരുണ്ട്.
പിഎസ് സിയുടെ എഴുത്തുപരീക്ഷ താരതമ്യേന കഠിനമായിരിക്കാമെന്നു സമ്മതിച്ചാലും അതില്‍ ഒരു മാര്‍ക്ക് പോലും നേടാനാകാത്തവര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാനെത്തുന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗത്തിന്റെ നിലവാരത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിന് അടിത്തറയിടുന്ന എല്‍പി സ്കൂളുകളാണ് യോഗ്യത നേടാത്തവരെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് വേദിയാകുന്നത്.
എല്‍പിഎസ്എ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായ ഡിഎഡിന് (പഴയ ടിടിസി) ഇടക്കാലത്ത് പ്രിയം കുറഞ്ഞതാണ് പിഎസ്സി പരീക്ഷയില്‍ സാമാന്യ നിലവാരമുള്ള ഉദ്യോഗാര്‍ഥികളുടെ കുറവിന് കാരണമായതെന്നും നിരീക്ഷിക്കപ്പെടുന്നു. എൻജിനിയറിംഗ് പോലുള്ള പ്രഫഷണല്‍ കോഴ്സുകളും ബിഎഡ് കോളജുകളും വ്യാപകമായതോടെ സംസ്ഥാനത്തെ പല ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഡിഎഡിന് ചേരാന്‍ വിദ്യാര്‍ഥികളെ കിട്ടാത്ത അവസ്ഥയായിരുന്നു. മറ്റെവിടേയും സീറ്റ് കിട്ടാത്തവര്‍ മാത്രമാണ് ഡിഎഡിന് ചേരാനെത്തിയത്.
അതില്‍ തന്നെ ആണ്‍കുട്ടികള്‍ തീരെ വരാതായതോടെ മിക്കയിടത്തും പെണ്‍കുട്ടികള്‍ മാത്രമായി. സംസ്ഥാനത്തെ അധ്യാപകരുടെ ഡ്രസ് കോഡ് പത്തുവര്‍ഷം മുമ്പ് പരിഷ്കരിച്ചിട്ടും പല ടിടിഐകളിലും ഇപ്പോഴും വിദ്യാര്‍ഥിനികള്‍ക്ക് സാരി നിര്‍ബന്ധമാക്കുന്നത് പ്ലസ് ടു കഴിഞ്ഞ പ്രായത്തിലുള്ള പെണ്‍കുട്ടികളേയും പിന്നോട്ടു വലിച്ചു.
അധ്യാപകരാകാന്‍ തന്നെ ആഗ്രഹിക്കുന്നവരും പ്ലസ് ടു കഴിഞ്ഞ് രണ്ടു വര്‍ഷം ഡിഎഡിനായി ചെലവഴിക്കുന്നതിനേക്കാള്‍ മൂന്നു വര്‍ഷത്തെ ബിരുദവും തുടര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ബിഎഡും ചെയ്യാനാണ് താല്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബി എഡ് കോഴ്സിന്റെ കാലാവധിയും രണ്ടു വര്‍ഷമായതോടെ ഇതും മാറി. പ്രാഥമിക വിദ്യാഭ്യാസരംഗത്താണ് ഉദ്യോഗാര്‍ഥികളുടെ കുറവുള്ളതെന്ന് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഡിഎഡ് കോഴ്സിന്റെ ഡിമാന്‍ഡ് വീണ്ടും വര്‍ധിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയാല്‍ എല്‍പി വിഭാഗം അധ്യാപകരാകാനും ബിരുദവും ബിഎഡും വേണ്ടിവരുമെന്ന സംശയം ഈ വര്‍ഷത്തെ പ്രവേശനത്തേയും ബാധിക്കാനിടയുണ്ട്.