ന്യൂഡൽഹി: പാചകവാതകം പൊള്ളും. എൽപിജി സിലിണ്ടറുകൾക്കു വില വീണ്ടും കുത്തനെ കൂട്ടുന്നു. ജൂലൈ ഒന്നു മുതൽ വാണിജ്യ സിലിണ്ടറുകൾക്ക് 133 രൂപ വീതം കൂട്ടാനാണ് നീക്കം. വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയും കൂടും. പെട്രോൾ, ഡീസൽ വില കൂട്ടി ജനങ്ങളെ പിഴിയുന്നതിനു പുറമേയാണ് പാചകവാതക വിലയും അമിതമായി കൂട്ടുന്നത്.
തട്ടുകടകളും ഹോട്ടലുകളും മുതൽ ചെറുകിട റബർ വ്യവസായങ്ങൾ വരെ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് കിലോഗ്രാമിന് ഏഴു മുതൽ പത്തു രൂപ വരെ കൂട്ടാനാണ് പൊതുമേഖല എണ്ണക്കന്പനികളുടെ നിർദേശം. 19 കിലോ വരുന്ന വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് കിലോയ്ക്ക് ഏഴു രൂപ വീതം കൂടിയാലും അമിതഭാരമാകും സാധാരണക്കാർക്ക് വരുക. നിലവിൽ ഒരു സിലിണ്ടറിന് 1230 രൂപയെന്നത് അടുത്തയാഴ്ച 1363 രൂപയായി കൂടും.
തട്ടുകടകളിലും ഇടത്തരം ഹോട്ടലുകളിലും പോലും ദിവസം ഓരോ സിലിണ്ടർ വീതമാണ് ഉപയോഗം. പ്രതിമാസം സിലിണ്ടറുകൾക്കായി 36,900 രൂപ ശരാശരി ഹോട്ടലുകൾ ചെലവാക്കുന്നുണ്ട്. വില കൂടുന്നതോടെ മാസം തോറും 3,990 രൂപ അധികച്ചെലവ് വരും.
കേറ്ററിംഗ് സ്ഥാപനങ്ങൾക്ക് ഓരോ പരിപാടിക്കുമായി പത്തു മുതൽ 20 വരെ സിലിണ്ടറുകൾ ആവശ്യമായി വരുന്നുണ്ട്. എൽപിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട ഫാക്ടറികളുടെയും ചെലവിൽ വലിയ തോതിൽ വർധനയുണ്ടാക്കുന്നതാണ് പുതിയ നീക്കം.
വീട്ടാവശ്യത്തിനുള്ള 12 സബ്സിഡി സിലിണ്ടറുകൾക്കും വീണ്ടും വില കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ ഒന്നാം തീയതി സിലിണ്ടറിന് 2.34 രൂപ വീതമാണ് കൂട്ടിയത്. സബ്സിഡിയില്ലാത്ത ഗാർഹിക സിലിണ്ടറുകളുടെ വില കഴിഞ്ഞ ഒന്നാം തീയതി മുതൽ 48 രൂപ വീതം കൂട്ടിയിരുന്നു.
സബ്സി ഡിയുള്ള ഗാർഹി ക സിലിണ്ടർ കൂടുതൽ വില ആദ്യംനല്കി വേണം വാങ്ങാൻ. പിന്നീട് അധികതുക സബ്സി ഡിയായി ബാങ്ക് അക്കൗണ്ടി ലേക്കു നല്കും