വൈപ്പിൻ: നിർദിഷ്ട എൽപിജി സംഭരണി പദ്ധതി പുതുവൈപ്പിൽ സ്ഥാപിക്കാൻ അധികൃതർ കാണിക്കുന്ന പിടിവാശിയിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ സമിതിയോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ വാസഗൃഹങ്ങളോട് ചേർന്ന് 15450 ടണ്‍ ശേഷിയുള്ള കൂറ്റൻ എൽപിജി സംഭരണി സ്ഥാപിക്കുന്നതിനെതിരേ 2009 മുതൽ പുതുവൈപ്പിലെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഈ പദ്ധതിയുടെ പ്രോജക്ട് സൈറ്റും ജനങ്ങളുടെ വീടുകളും തമ്മിൽ കേവലം 30 മീറ്റർ മാത്രമാണ് അകലമുള്ളത്.
മാത്രമല്ല മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പദ്ധതി വരുന്നതുമൂലം അവരുടെ തൊഴിലും തൊഴിലിടവും ജീവിതവുമാണ് തകർക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ അന്പലമേടിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ള 600 ഏക്കർ സ്ഥലത്ത് കിഫ്ബി പ്രോജക്ടായ നിർദിഷ്ട പെട്രോകെമിക്കൽ കോംപ്ലക്സിലേക്ക് സംഭരണി മാറ്റി സ്ഥാപിക്കുക എന്ന ബദൽ നിർദേശം സമര സമിതി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.
ഇക്കാര്യത്തിൽ സ്ഥാനാർഥികൾ തുറന്ന അഭിപ്രായം പറയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി ചെയർമാൻ എം.ബി. ജയഘോഷ് അധ്യക്ഷത വഹിച്ചു. കണ്‍വീനർ കെ.എസ്. മുരളി പ്രസംഗിച്ചു.