വൈപ്പിൻ: ഐഒസി എൽപിജി സംഭരണി പദ്ധതി മേഖലയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് നാളെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. മാർച്ച് വിജയിപ്പിക്കാൻ സമര സമിതിയും പരാജയപ്പെടുത്താൻ പോലീസും രംഗത്തുണ്ട്. പോലീസിനെ വിഷമാവസ്ഥയിലാക്കാൻ മാർച്ചിൽ കൂടുതലായി വനിതകളെ പങ്കെടുപ്പിക്കുമെന്നാണ് സൂചന. ചിലർ കൈക്കുഞ്ഞുങ്ങളുമായും എത്തിയേക്കും. സമര സമിതിയുടേ നേതാക്കൾ രംഗത്തുണ്ടാകുമെങ്കിലും പ്രധാന പ്രവർത്തകർ പലരും വിട്ടുനിൽക്കാനാണ് സാധ്യത. നിരോധനാജ്ഞ ലംഘിച്ചുള്ള മാർച്ച് ആയതിനാൽ അറസ്റ്റ് ഉണ്ടാകും.
ആയിരത്തിൽ താഴെ ആളുകളെയാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വനിതകൾ കൂടുതലായിരിക്കുമെന്ന മുൻ വിധിയിൽ 300 വനിതാ പോലീസുകാരും സുരക്ഷക്ക് അണിനിരക്കുമെന്നാണ് സൂചന. മൊത്തം 600 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കൂടാതെ കണ്ണീർ വാതകം, ജലപീരങ്കി, റബ്ബർ ബുള്ളറ്റ് തോക്കുകൾ തുടങ്ങിയവയും പോലീസിന് നൽകിയിട്ടുണ്ട്. എൽഎൻജി റോഡ് പൂർണമായും പോലീസിന്റെ ബന്തവസിലാകും. പദ്ധതി കവാടത്തിനു മുന്നിൽ നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്.
രാവിലെ 7.30ന് പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിക്കടുത്ത് നിന്നാണ് മാർച്ച് ആരംഭിക്കുന്നത്. നിരോധനാജ്ഞ ഉള്ളതിനാൽ മിക്കവാറും ആളുകൾ പള്ളിവളപ്പിലായിരിക്കും എത്തുക. പുറത്തിങ്ങി പ്രധാന റോഡിലെത്തുന്പോഴാകും അറസ്റ്റ് ഉണ്ടാവുക. സമരക്കാർ എൽഎൻജി റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നാണ് പോലീസ് ഉന്നത അധികാരികളുടെ നിർദേശം. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നും അനിഷ്ടങ്ങൾ സംഭവിച്ചില്ലെങ്കിൽ മാർച്ച് തികച്ചും സമാധാനപരമായിരിക്കുമെന്നാണ് സമര സമിതി പറയുന്നത്.
10 വർഷമായി തുടരുന്ന ഈ സമരത്തിന്റെ മുൻകാല അനുഭവങ്ങളിൽ പോലീസ് മര്യാദകെട്ട സമീപനമാണ് പലപ്പോഴും കൈക്കൊണ്ടിട്ടുള്ളതെന്നത് സമര സമിതിക്ക് നല്ല ബോധ്യവുമുണ്ട്. എന്നാൽ സമരം ഈ തലമുറയുടെയും വരും തലമുറകളുടെയും അതിജീവനത്തിനു വേണ്ടിയായതിനാൽ എന്തും നേരിടാനുള്ള മനക്കരുത്തോടെയാണ് സമരമുഖത്തേക്ക് ഇറങ്ങുന്നതെന്നും സമര സമിതി നേതാക്കളും പുതുവൈപ്പ് മേഖലയിലെ കുടുംബങ്ങളും വ്യക്തമാക്കുന്നു.